കാസർകോട്: സമൂഹത്തിൽ ഐക്യം സാധ്യമാക്കണമെന്ന ആഹ്വാനവുമായി മുസ്‌ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയതോടെ ഇത് സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

To advertise here,

സുന്നി ഐക്യമാണ് കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റെന്നാണ് ഒരു വിഭാഗം ആളുകളുടെ വ്യാഖ്യാനം. ഇടക്കാലത്ത് വഷളായ ലീഗും സമസ്ത ഇ.കെ. വിഭാഗവും തമ്മിലുള്ള ഐക്യത്തിനുള്ള ആഹ്വാനമാണിതെന്നും വ്യാഖ്യാനമുണ്ട്. മുസ്‌ലിം സമുദായത്തിനുള്ളിലും ഇതരസമുദായങ്ങൾ തമ്മിലുള്ള ഐക്യം സാധ്യമാക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ഇതുസംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. സമസ്തയുടെ നൂറാംവാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനവേദിയിലും കുഞ്ഞാലിക്കുട്ടി ഐക്യത്തോടെ തന്നെ മുന്നോട്ട് പോകുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഐക്യത്തോടെ മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും സമ്മേളനത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നുമുള്ള രണ്ടുവാക്ക് മാത്രമാണ് അദ്ദേഹം സമസ്ത സമ്മേളനവേദിയിൽ സംസാരിച്ചത്.

’അത്യുജ്ജ്വല ചരിത്രമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാംവാർഷിക സമാപന മഹാസമ്മേളനം’ എന്നുപറഞ്ഞുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും സുന്നി ഐക്യത്തിനുള്ള ആഹ്വാനം നടത്തിയിരുന്നു. സമസ്ത വിട്ടുപോയവരും വിട്ടുനിൽക്കുന്നവരുമായ വ്യക്തികളും സംഘടനകളും സമസ്തയിലേക്ക് തന്നെ തിരിച്ചുവരണമെന്നായിരുന്നു തങ്ങൾ സമാപനവേദിയിൽ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിൽ പറഞ്ഞത്. രാവിലെ ഒൻപതോടെ കുറിച്ച പോസ്റ്റിന് വൈകിട്ട് ആറുവരെ ഏഴായിരത്തോളം ലൈക്കുകളും 353 ഷെയറുകളും ലഭിച്ചിട്ടുണ്ട്.