കണ്ണൂർ: എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെയും നേതാക്കളെയും പ്രതീക്ഷിക്കുന്നുണ്ടെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ പാർട്ടിയുമായി അകൽച്ച പ്രകടമാക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് പി.കെ.കൃഷ്ണദാസിന്റെ പ്രതികരണം.

To advertise here,

വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും നിലപാടുകൾ വ്യക്തമാക്കുന്നതിനനുസരിച്ച് തങ്ങളും നിലപാട് വ്യക്തമാക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു. പി.പി.ദിവ്യയുമായി ചർച്ച നടത്തുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഇരുപാർട്ടികളിൽനിന്നുള്ള നേതാക്കൾക്കും പ്രവർത്തകർക്കുംവേണ്ടി ഞങ്ങൾ വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. ആളുകൾ നിലപാട് വ്യക്തമാക്കട്ടെ. അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരാ' കൃഷ്ണദാസ് പറഞ്ഞു. 'ഒരിക്കൽ ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെ'ന്നുള്ള ദിവ്യയുടെ പോസ്റ്റാണ് ചർച്ചകൾക്ക് വഴിവെച്ചത്.

കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള പി.പി. ദിവ്യയുടെ രാജിയിൽ കലാശിച്ചിരുന്നു. തുടർന്ന് പാർട്ടിയിൽനിന്ന് അവരെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. അടുത്തിടെ പൂർത്തിയായ സി.പി.എം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ചില സൂചനകളോടെയുള്ള പോസ്റ്റ്.