മാനന്തവാടി: കഴിഞ്ഞ രണ്ട് നിയമസഭാതിരഞ്ഞെടുപ്പുകളിൽ താൻ നേരിട്ട രാഷ്ട്രീയച്ചതികൾ തുറന്നുപറഞ്ഞ് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.കെ. ജയലക്ഷ്മി.

To advertise here,

കഴിഞ്ഞ രണ്ടുതവണയും തന്നെ പരാജയപ്പെടുത്തിയത് ഒരുവിഭാഗം കോൺഗ്രസുകാർ തന്നെയാണെന്ന് ജയലക്ഷ്മി കുറ്റപ്പെടുത്തി. മാനന്തവാടിയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഉഷാവിജയന്റെ വിജയത്തിനായി വെള്ളമുണ്ടയിൽ തിങ്കളാഴ്ച വൈകീട്ട് സംഘടിപ്പിച്ച യു.ഡി.എഫ്. പഞ്ചായത്ത് കൺവെൻഷനിലാണ് ജയലക്ഷ്മിയുടെ വൈകാരികപ്രസംഗം.

തന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പുഴയിലെറിഞ്ഞും അനൗൺസ്‌മെന്റ് വാഹനങ്ങൾ മരത്തണലിൽ നിർത്തിയിട്ടും വീടുകൾ കയറി തനിക്കെതിരേ വോട്ടുചോദിച്ചും ചിലർ ചതിച്ചതായി അവർ ആരോപിച്ചു.

മറ്റൊരു സഹോദരിക്ക് ഇത്തരമൊരു ഗതി ഉണ്ടാവരുതെന്ന് കരുതിയാണ് ഇത് പറയുന്നതെന്നും അന്ന് പരാജയപ്പെട്ടത് താനല്ല മറിച്ച് യു.ഡി.എഫ് ആണെന്നും ജയലക്ഷ്മി പറഞ്ഞു.

‘‘ഇത് നമ്മുടെ അവസാനത്തെ വണ്ടിയാണെന്ന് എല്ലാവരും തിരിച്ചറിയണം. കഴിഞ്ഞ പത്തുവർഷക്കാലം രണ്ടു ടേമിൽ ഞാൻ മാനന്തവാടിയിൽ സ്ഥാനാർഥിയായിരുന്നു. നമ്മുടെ ഉള്ളിൽ ചതി ഒരുക്കിയത് സ്ഥാനാർഥി എന്നനിലയിൽ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇവിടത്തെ യു.ഡി.എഫ്. പ്രവർത്തകർക്കും അത് തിരിച്ചറിയാൻ കഴിഞ്ഞില്ല’’ -ജയലക്ഷ്മി പറഞ്ഞു.

സിറ്റിങ് എം.എൽ.എ.യും മന്ത്രിയുമായിരുന്ന പി.കെ. ജയലക്ഷ്മിയെ 1307 വോട്ടിനു തോൽപ്പിച്ചതാണ് ഒ.ആർ. കേളു ആദ്യം സാമാജികനായത്. 2021-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 9282 ആക്കി ഉയർത്താനും ഒ.ആർ. കേളുവിനായി.

അന്ന് പി.കെ. ജയലക്ഷ്മിക്കെതിരേ പ്രവർത്തിച്ചു എന്ന കാരണത്താൽ ചിലരെ പാർട്ടിയിൽനിന്ന്‌ പുറത്താക്കിയിരുന്നു. ഇവർ പാർട്ടിയിൽ തിരിച്ചെത്തി നിലവിലെ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങളിൽ സജീവമായിരിക്കെയാണ് ഈ തുറന്നുപറച്ചിൽ.