എടവണ്ണ(മലപ്പുറം): 'ഏറെ സന്തോഷത്തിന്റെ നിമിഷമാണിത്. ഉപ്പാക്ക് കിട്ടാതെപോയത് മകന് കിട്ടിയല്ലോ. സന്തോഷമുണ്ട്', കേരള രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര ചാർത്തിയ പരേതനായ പി. സീതി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മയുടേതാണ് വാക്കുകൾ.

To advertise here,

മകൻ പി.കെ. ബഷീർ മന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്നത് എടവണ്ണയിലെ വീട്ടിലിരുന്ന് ടി.വി. യിൽ കാണുകയായിരുന്നു അവർ. പെൺമക്കളിൽ രണ്ടുപേരും മറ്റു ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സന്തോഷത്തിലായിരുന്നു എല്ലാവരും.

വാർധക്യസഹജമായ ബുദ്ധിമുട്ടുകളുള്ളതിനാൽ തിരുവനന്തപുരത്തേക്ക് പോകാൻ സാധ്യമായില്ല. എങ്കിലും ഫാത്തിമ ഹജ്ജുമ്മ വീട്ടിലിരുന്ന് കാണാൻ രാവിലെത്തന്നെ ഒരുങ്ങി. പഴയകാല ഓർമകളിലെ ആളും ആരവങ്ങളുമാണ് മനസ്സിൽ.

പി.കെ. ബഷീറിനൊപ്പം ഭാര്യയും ബന്ധുക്കളുമൊക്കെ കൂടെയുണ്ട്. നൂറുക്കണക്കിന് നാട്ടുകാരും. ഏറനാടിനും ഹൃദയത്തിലലിഞ്ഞ സന്തോഷപ്പെരുന്നാൾ കൂടിയാണിപ്പോൾ. കേരള രാഷ്ട്രീയത്തിലെ ജനകീയനും അതികായനുമായിരുന്ന പി. സീതി ഹാജി മന്ത്രിയാകുമെന്ന പ്രത്യാശ നാട്ടുകാർക്ക് ഏറെയായിരുന്നു. എന്നാൽ തുടർച്ചയായി അഞ്ചുതവണ നിയമസഭയിലെത്തിയിട്ടും മന്ത്രി പദവി ലഭിച്ചില്ല.

1991-ലെ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് അദ്ദേഹത്തിന് മന്ത്രി പദവി ലഭിക്കുമെന്ന പ്രത്യാശയുണ്ടായിരുന്നു. അത്രകണ്ട് നിരാശയ്ക്കും ഏറനാട് സാക്ഷിയായി. പക്ഷേ കെ. കരുണാകരൻ അദ്ദേഹത്തെ കൈവെടിഞ്ഞില്ല. ചീഫ് വിപ്പ് പദവിയിലാക്കി. 'ലീഡർ എന്നെ ചീഫാക്കി പാർട്ടി എന്നെ വിപ്പാക്കി' എന്ന് അദ്ദേഹം പറഞ്ഞത് ഖ്യാതിനേടി. ചീഫ് വിപ്പ് പദവിയിലിരിക്കേയാണ് അദ്ദേഹം മരിച്ചത്.

ഏറനാട്ടുനിന്ന് നാലാം തവണയും ജയിച്ച മകൻ പി.കെ. ബഷീറിന് ഇത്തവണ മന്ത്രിസ്ഥാനം ഏവരും കണക്കുകൂട്ടിയത് തന്നെയായിരുന്നു. എന്നാൽ പ്രതീക്ഷയ്ക്ക് ഇടയ്ക്ക് ഒരു മങ്ങലുണ്ടായപ്പോൾ ഏറനാടൻ മനസ്സ് ആദ്യം ഓർത്തതും പഴയ സംഭവങ്ങൾ തന്നെ. പിതാവിനോട് ചെയ്തതുപോലെ മകനോട് ചെയ്യരുതെന്നാണ് പലരും വികാരഭരിതരായി കുറിച്ചത്.

സീതി ഹാജിയുടെ സംഘടനാപാടവം തുടർന്നും ആവശ്യമാണെന്ന പരിഗണനയിലാണ് മന്ത്രിപദവി നൽകാതിരുന്നതെന്ന് ലീഗ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തൊക്കെയാണെങ്കിലും ഇപ്പോൾ പി.കെ. ബഷീറിന് പദവി നൽകിയതോടെ ആ സങ്കടത്തിന് പരിഹാരമായെന്ന് വിലയിരുത്തുന്നവരാണ് ഏറെ.