തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്ന് പി.ജെ. കുര്യൻ. പാലക്കാട് സീറ്റിൽ വേറെ ആളെ നിർത്തുമെന്ന് കുര്യൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എൻഎസ്എസ് ആസ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിൽ പി.ജെ. കുര്യനെ നേരിട്ട് കണ്ടിരുന്നു. ഇരുവരും സംസാരിക്കുകയും ചെയ്തു.

To advertise here,

രാഹുൽ പി.കെ. കുര്യനോട് ചെവിയിൽ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്നാണ് ഫെയ്‌സ്ബുക്കിലൂടെ തിരുത്തുമായി പി.ജെ. കുര്യൻ രംഗത്തെത്തിയത്.

പിടിച്ചെടുത്ത പാലക്കാട് സീറ്റിൽ ഇനി സ്ഥിതി എന്താകും എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പി.ജെ. കുര്യൻ ആദ്യം മറുപടി നിൽകിയത് ഇങ്ങനെയായിരുന്നു,' വേറെ ആളെ നിർത്തും. അദ്ദേഹം പാർട്ടിയിൽ ഇല്ലാത്തത് കൊണ്ട് വേറെ ആളെ നിർത്തും. കോൺഗ്രസിനകത്ത് എത്രയോ പ്രഗത്ഭരായ സ്ഥാനാർഥികളുണ്ട്. അത് പാലക്കാട് തന്നെയുണ്ട്.' കുര്യൻ പറഞ്ഞു. ഈ പരാമർശങ്ങൾക്ക് ശേഷമാണ് പെരുന്നയിൽ ഇരുവരും കണ്ടുമുട്ടിയത്.

പിന്നാലെ പി.ജെ. കുര്യൻ ഫെയ്‌സ്ബുക്കിൽ വിശദീകരണവുമായി രംഗത്തെത്തി. 'രാഹുൽ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുൽ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാൻ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാർഥികൾ നിന്നാൽ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ല' കുര്യൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.