മല്ലപ്പള്ളി: എസ്എഫ്ഐയെ താൻ പുകഴ്ത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസിലെ ചിലർ നടത്തിയ സൈബർ ആക്രമണം കെട്ടടങ്ങിയത് ആ ആരോപണം അടിസ്ഥാനരഹിതമായതിനാലെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷനും കെപിസിസി നിർവാഹകസമിതി അംഗവുമായ പ്രൊഫ. പി.ജെ. കുര്യൻ.

To advertise here,

പത്തനംതിട്ടയിൽ നടത്തിയ പ്രസംഗത്തിൽ എസ്എഫ്ഐയെ പ്രശംസിക്കുന്ന ഒരുവാക്കും പറഞ്ഞിട്ടില്ലെന്നും, പ്രസംഗം പരിശോധിക്കുന്നവർക്ക് അത് മനസ്സിലാക്കാമെന്നും കുര്യൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. പ്രസംഗം പുകഴ്ത്തലാണെങ്കിൽ, മാധ്യങ്ങൾ അടുത്തദിവസം അത് ഉപയോഗിക്കുമായിരുന്നു.

പല മണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ്‌ കമ്മിറ്റികൾ ഇല്ലെന്നും, കമ്മിറ്റികൾ രൂപവത്കരിക്കാൻ നേതൃത്വം നടപടി സ്വീകരിക്കണമെന്നുമാണ് പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന എംപിമാരുടെ യോഗത്തിലുൾപ്പെടെ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എ.കെ. ആന്റണിയും പങ്കെടുത്ത ആ യോഗത്തിൽ കെ. സുധാകരൻ എംപിയും എന്റെ അഭിപ്രായത്തോട് യോജിച്ചു.

പത്തനംതിട്ടയിലെ കോൺഗ്രസ്‌ നേതാക്കളുടെ യോഗം കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം, താൻ എസ്എഫ്ഐയെ പുകഴ്ത്തിയെന്ന തെറ്റായ കഥയുണ്ടാക്കി സൈബർ ആക്രമണം നടത്തുകയായിരുന്നു. മാധ്യമങ്ങൾ പരിഗണിക്കാതിരുന്ന കാര്യം ഏറ്റെടുത്ത് ആഘോഷിച്ചതിന്റെ പ്രയോജനം ആർക്കാണ്. സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി സജി ചെറിയാനും, കോൺഗ്രസിലെ മുതിർന്ന നേതാവ് എസ്എഫ്ഐയെ പുകഴ്ത്തിയെന്ന് പറഞ്ഞു. അങ്ങനെ പറയാനുള്ള വിവരം ആരാണ് അവർക്ക് കൊടുത്തത്. താൻ എസ്എഫ്ഐയെ പുകഴ്ത്തിയെന്ന് തെറ്റായി പ്രചരിപ്പിച്ചവർക്കും ആഘോഷിച്ചവർക്കുമാണ് അതിന്റെ ഉത്തവാദിത്വമെന്നും കുര്യൻ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.