ആലപ്പുഴ: സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  'എല്ലാ പൊതുയിടങ്ങളും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കും.' മുഖ്യമന്ത്രി പറഞ്ഞു. 

To advertise here,

നടി ഹണിറോസിന്റെ പരാതിയിലും മറ്റും സ്വീകരിച്ച നടപടികളുടെ പശ്ചാചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴയിൽ സി.പി.എം. ജില്ലാ സമ്മേളനത്തില്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തല്‍ക്കാലം കുറച്ച് സീറ്റും വോട്ടും ലഭിക്കാനായി യു.ഡി.എഫ് വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്നുവെന്നും പിണറായി വിമർശിച്ചു.

തൃശ്ശൂരിൽ ബി.ജെ.പി. വിജയിച്ചത് കോണ്‍ഗ്രസുമായുള്ള ഡീലിന്റെ ഭാഗമായാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിൽ കോണ്‍ഗ്രസിനു കിട്ടിയ 86,000-ത്തോളം വോട്ടാണ് 2024-ൽ ബി.ജെ.പി സ്ഥാനാര്‍ത്ഥിയിലേക്ക് മറിഞ്ഞതെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

യു.ഡി.എഫ്. ജമാഅത്തെ ഇസ്ലാമിയായും എസ്.ഡി.പി.ഐയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. ലീഗിന്റെ കാര്യങ്ങള്‍ അവർ തീരുമാനിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് ലീഗും ചിന്തിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. താത്കാലിക ലാഭത്തിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും കൂടെ കൂട്ടിയാൽ തകർച്ചയായിരിക്കും ഫലമെന്നും പിണറായി പറഞ്ഞു.