തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘത്തിലുണ്ടായിരുന്ന ‘രക്ഷാപ്രവർത്ത’കരിൽ രണ്ടുപേരെ അദ്ദേഹത്തിനൊപ്പംതന്നെ തുടരാൻ അനുവദിക്കാൻ സമ്മർദം. രക്ഷാപ്രവർത്തനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ഉദ്യോഗസ്ഥർ പോലീസ് സംഘടനവഴി ഇടപെടലുകൾ നടത്തുന്നതെന്നാണ് വിവരം.

To advertise here,

പുതിയ മന്ത്രിമാരുടെ സുരക്ഷാച്ചുമതലയ്ക്ക് തയ്യാറാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽനിന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രതികൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെയും ഒഴിവാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നനിലയിൽ തുടരാൻ അനിൽകുമാർ, സന്ദീപ് എന്നിവരാണ് ശ്രമംനടത്തുന്നത്. പിണറായി വിജയനൊപ്പം നേരത്തേയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് തിരികെ റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചിരുന്നു. അനിൽകുമാർ, സന്ദീപ് എന്നിവർക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.

‘രക്ഷാപ്രവർത്തനം’; എസ്.പി. ഷൗക്കത്തലി നേതൃത്വം നൽകും

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ നടന്ന വിവാദമായ ‘രക്ഷാപ്രവർത്തനം’ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ആലപ്പുഴയിൽവെച്ച് നവകേരള ബസിനുമുന്നിൽ പ്രതിഷേധിച്ചവർക്കു നേരേനടന്ന പോലീസ് അതിക്രമമാണ് അന്വേഷിക്കുക. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സംഭവം പ്രത്യേകസംഘത്തെവെച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സർപ്പിക്കാനാണ് പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവ്.

എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ടോൾസൺ, ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.ഐ. ജയകൃഷ്ണൻ, ആലപ്പുഴ സൗത്ത് സ്റ്റേഷൻ എ.എസ്.ഐ. രാജേഷ്, ആലപ്പഴ ക്രൈംബ്രാഞ്ച് എസ്.ഐ. ദീനദയാൽ മല്ലൻ, ആലപ്പുഴ ജില്ലാ പോലീസ് ആസ്ഥാനത്തെ എസ്.ഐ. എസ്.ആർ. അമൃതരാജ് എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

2023 ഡിസബർ 15-ന് ആലപ്പുഴവെച്ചാണ് കെ.എസ്.യു. നേതാവും നിയുക്ത എം.എൽ.എ.യുമായ എ.ഡി. തോമസ്, അജയ് എന്നിവർക്കുനേരേ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരുടെ അതിക്രമമുണ്ടായത്. സംഭവത്തെ ‘രക്ഷാപ്രവർത്തനം’ എന്ന് പറഞ്ഞായിരുന്നു സർക്കാർ ന്യായീകരിച്ചിരുന്നത്.

മർദനമേറ്റവർ പരാതിനൽകിയിട്ടും പോലീസ് കേസെടുത്തില്ല. മർദനമേറ്റവർ കോടതിയെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പുരോഗതിയുണ്ടായില്ല.

ടി.പി. വധക്കേസ് അന്വേഷിച്ച സംഘത്തിൽ ഉൾപ്പെട്ട ഷൗക്കത്തലിയാണ് കൊടി സുനിയെയും സി.പി.എം. നേതാവ് പി. മോഹനനെയും അറസ്റ്റുചെയ്തത്. പിന്നീട് അദ്ദേഹം ദേശീയ അന്വേഷണ ഏജൻസിയിൽ ഡെപ്യൂട്ടേഷനിൽ പോയി. കഴിഞ്ഞ സർക്കാരിന്റെകാലത്ത് സംസ്ഥാനത്തേക്കു മടങ്ങി. ഐ.പി.എസ്. ലഭിച്ചതോടെ ആലപ്പുഴ ക്രൈംബ്രാഞ്ചിൽ നിയമിച്ചു.