
നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും തുറന്ന പോര്‍മുഖവും സി.പി.എമ്മിനെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെയും പി. ശശിയെയും ഉന്നംവെച്ചാണ് ഭരണകക്ഷി എം.എല്‍.എയുടെ നീക്കം. എം.ആര്. അജിത്കുമാര്‍ ആര്.എസ്.എസ്. നേതാവ് രാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയും ഇന്ന് പുറത്തെത്തി. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്, ആര്.എസ്.എസ്. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ഇക്കാര്യം ചോദിച്ചതാണെന്നും അദ്ദേഹം അന്ന് അത് നിഷേധിച്ചില്ലെന്നും വി.ഡി. സതീശന് ഈ അഭിമുഖത്തിൽ പറയുന്നു.
അസാധാരണമായ രാഷ്ട്രീയ ആരോപണങ്ങളാണ് ഭരണകക്ഷി എം.എല്‍.എ. മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിനും നേരെ ഉന്നയിച്ചിരിക്കുന്നത്. അന്‍വറിന്റെ ആരോപണങ്ങള്‍ ചെന്നുതറയ്ക്കുന്നത് മുഖ്യമന്ത്രിയുടെ നേര്‍ക്കാണ്. ശക്തനായ പിണറായി വിജയനുനേരെ അന്‍വര്‍ ഉയര്‍ത്തിയ ആരോപത്തിനുപിന്നില് ആരാണെന്നാണ് പ്രതിപക്ഷം കരുതുന്നത്?
പ്രതിപക്ഷം രണ്ടുവര്‍ഷമായി നിരന്തരമായി ഉന്നയിച്ച ആരോപണമാണ് അന്‍വറും ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസിനെ നിയന്ത്രിക്കുന്നതും അവരാണ്. ഭരണകാര്യങ്ങളില്‍ അവര്‍ കൈകടത്തുന്നുവെന്ന് ഞങ്ങള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന ആരോപണമാണ്. ഭരണകക്ഷി എം.എല്‍.എ. കൂടി ഇതേ ആരോപണം ഉന്നയിക്കുമ്പോള്‍ കൂടുതല്‍ ഗൗരവമേറിയതാകുന്നു. സി.പി.എം. എന്ന കേഡര്‍ പാര്‍ട്ടിയ്ക്ക് ഒരു ഘടനയുണ്ട്. കോണ്‍ഗ്രസ് പോലെയോ മറ്റേതെങ്കിലും ജനാധിപത്യ പാര്ട്ടിപോലെയോ അല്ല അതിന്റെ പ്രവര്‍ത്തനം. നേതൃത്വത്തിനെതിരെ പരസ്യമായ വിര്‍മശനം ഉന്നയിക്കാനോ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിക്കാനോ സാധിക്കില്ല. ഒരാഴ്ചക്കാലമായി ഭരണകക്ഷി എം.എല്‍.എ. തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അന്‍വര്‍ ഉന്നയിച്ച ആരോപണം തെറ്റായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എതിരെ നടപടി എടുക്കാമായിരുന്നുവല്ലോ? അല്ലെങ്കില്‍ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കാമായിരുന്നു. അതിന് സാധിക്കില്ല. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് നേരെ ഉയരുന്നത് പാര്‍ട്ടിക്കുള്ളിലെ കൊട്ടാരവിപ്ലവമാണ്.
പാര്‍ട്ടിയിലെ വിഭാഗീയതയുടെ കാലത്ത് വി.എസ്.-പിണറായി ദ്വന്ദ്വം ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. പാര്‍ട്ടിക്ക് അതീതനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. അങ്ങനെവരുമ്പോള്‍ പാര്‍ട്ടിയില്‍നിന്ന് ഒരു കൊട്ടാരവിപ്ലവം പ്രതീക്ഷിക്കാമോ?
ഈ കൊട്ടാരവിപ്ലവം വ്യക്തിപരമല്ല എന്നതാണ് വാസ്തവം. സി.പി.എമ്മിനുള്ളില്‍ വലിയൊരു ടീം മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതയ്ക്ക് എതിരെയും ഈ ഉപജാപകസംഘത്തിന്റെ പ്രവര്‍ത്തനത്തിനെതിരെയും അമര്‍ഷം ഉള്ളവരാണ്. അതുമല്ല, പാര്‍ട്ടി സമ്മേളനം നടക്കുന്ന പശ്ചാത്തലമാണ് ഇതെന്ന് ഓര്‍മ്മയും വേണം. അതുകൊണ്ടുതന്നെ ഇതൊരു സംഘടിതമായ നീക്കമാണ്. ഭരണകക്ഷിയില്‍ നടക്കുന്ന സംഭവങ്ങള്‍ എന്ന നിലയില്‍ ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അത് അവരുടെ ആഭ്യന്തരകാര്യമാണ്. അതിൽ അഭിപ്രായം പറയുന്നത് യുക്തിയല്ല. അപ്രമാദിത്വത്തിനും ഏകാധിപത്യത്തിനും ഉപജാപകവൃന്ദത്തിനും എതിരാണ് പാര്‍ട്ടിയില്‍നിന്ന് മുഖ്യമന്ത്രിക്ക് നേരെ ഉയരുന്ന ഈ കൊട്ടാരവിപ്ലവം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണം വന്നു. സിവില്‍ സര്‍വീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. അമിതാധികാരങ്ങളായിരുന്നു അദ്ദേഹത്തിന് കൊടുത്തിരുന്നത്. അയാള്‍ക്ക് ജയിലില്‍ പോകേണ്ടിവന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്നത് സ്വര്‍ണകള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍, കൊലപാതകം, അഴിമതി തുടങ്ങിയവയാണ്. അതെല്ലാം ഭരണം നിയന്ത്രിക്കുന്ന ഈ ഉപജാപകസംഘങ്ങളിലേക്കാണ് എത്തുന്നത്.
പാര്‍ട്ടിയില്‍നിന്ന് ശശിക്കെതിരെയാണ് ഒളിയമ്പുകള്‍ ഉയരുന്നത്. എന്താകാം അതിനുള്ള കാരണം?
ശശിയും ഉപജാപകസംഘത്തിലെ മറ്റ് ഉന്നതരുമായിട്ടുള്ള നെക്സസ് ഭരണത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് മാത്രമല്ല, പാര്‍ട്ടിയെ നിയന്ത്രിക്കാനും തുടങ്ങിക്കഴിഞ്ഞു. അതിനെതിരെ പാര്‍ട്ടിയില്‍നിന്ന് ഉയരുന്ന സ്വാഭാവിക പ്രതിഷേധമാണ് ഇത്. ഭരണം പിടിച്ചെടുത്തതുപോലെ ഉപജാപകസംഘം പാര്‍ട്ടിയെയും പിടിച്ചെടുക്കുമോ എന്ന് ഭയമുണ്ട്. പാര്‍ട്ടിയിലെ ഒരുപാട് ഉന്നത നേതാക്കള്‍ അസ്വസ്ഥരാണ്. ഞങ്ങള്‍ക്കത് അറിയാം. ഇന്ന് അന്‍വര്‍ അല്ലെങ്കില്‍ നാളെ മറ്റൊരാള്‍ വന്ന് ഇത് പറയുമായിരുന്നു.
ആര്.എസ്.എസ്. നേതാവ് ദത്താത്രേയ ഹൊസബാളയുമായി എ.ഡി.ജി.പി. അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടത് താങ്കളാണ്. അജിത് കുമാര്‍ അത് നിഷേധിച്ചിട്ടുമില്ല. ഇപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ആര്.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിക്കുന്നു. എന്ത് തെളിവാണ് അങ്ങയുടെ പക്കലുള്ളത്? ആരുമായിട്ടായിരുന്നു മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്?
ഈ കൂടിക്കാഴ്ചയെക്കുറിച്ച് മുന്‍പ് ഞാന്‍ നിയമസഭയില്‍ ഉന്നയിച്ചതാണ്. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഇക്കാര്യം ചോദിച്ചിട്ടും അദ്ദേഹം നിഷേധിച്ചിട്ടില്ല. ആത്മീയാചാര്യന് ശ്രീ.എമ്മിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിയും കേരളത്തിലെ ആര്.എസ്.എസ് നേതൃത്വവുമായി മാസ്കറ്റ് ഹോട്ടലില്‍വെച്ച് ചര്‍ച്ച നടത്തിയത്. ആര്.എസ്.എസ്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിഭാഗ് പ്രചാര്‍ പ്രമുഖ് വത്സന് തില്ലങ്കേരി, ജന്മഭൂമി എഡിറ്ററായിരുന്ന എം. രാധാകൃഷ്ണന്, മുന്‍ പ്രാന്തപ്രചാരക് എസ്. സേതുമാധവന് എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ദിനേഷ് നാരായണന്റെ 'The RSS and the making of Deep Nation' എന്ന പുസ്കത്തില്‍ ഇക്കാര്യം വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് മുഖ്യമന്ത്രി ആര്.എസ്.എസ്. നേതൃത്വവുമായി ചര്‍ച്ചയ്ക്കെത്തിയത്. അന്ന് നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇന്ന് കാണുന്ന സി.പി.എം.-ആര്.എസ്.എസ്. ബന്ധം. അതിന് ശേഷമാണ് ദൂതന്മാരെ അയച്ച് ആര്.എസ്.എസ്. നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്.

ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ഇ.പിയുടെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം തെറിച്ചു. എന്നാല്‍, എ.ഡി.ജി.പിയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല?
ശശിയെയും അജിത്കുമാറിനെയും പുറത്താക്കുക എന്നത് അത്ര എളുപ്പമല്ല. ഒരുപാട് രഹസ്യം അവരുടെ പക്കലുണ്ട്. എത്ര സമ്മര്‍ദം വന്നാലും ഇവര്‍ക്കെതിരെയുള്ള നടപടി വരില്ല. അന്വേഷണം വെറും പ്രഹസനമാണ്. അവരെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ല. ഒരുപാട് രഹസ്യം അവര്‍ക്കറിയാം. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനാണ് അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇ.പി., ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. തിരഞ്ഞെടുപ്പിന്റെ അന്ന് ഈ വിഷയം വന്നപ്പോള്‍ മുഖ്യമന്ത്രി ജയരാജനെ തള്ളിപ്പറഞ്ഞത് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലല്ല, ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിന്റെ പേരിലാണ്. ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയാലെന്താണ് ഞാനും ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയല്ലോ എന്നായിരുന്നു പിണറായി അന്നു പറഞ്ഞത്. എന്തിനാണ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തുന്നത്? ജാവ്ദേക്കര്‍ കേന്ദ്രമന്ത്രിയല്ലല്ലോ കേരളത്തില്‍ ബി.ജെ.പിയുടെ ചുമതലയുള്ള പ്രഭാരിയാണ്.
Content Highlights: pinarayi vijayan met rss leadership alleges opposition leader vd satheesan
Published: 07 Sept 2024, 04:06 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented