തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മിഷൻ സമർപ്പിച്ച 284 ശുപാർശകളും 45 ഉപശുപാർശകളും സംസ്ഥാന സർക്കാർ പരിഗണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ 17 വകുപ്പുകൾ ഈ ശുപാർശകൾ നടപ്പിലാക്കി. 220 ശുപാർശകളിലും ഉപശുപാർശകളിലും നടപടികൾ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

To advertise here,

ഏഴ് ശുപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനായി അതത് വകുപ്പുകൾ നടപടി സ്വീകരിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. നടപടി പൂർത്തിയാക്കാൻ ശേഷിക്കുന്ന ശുപാർശകൾ നിലവിൽ പ്രാബല്യത്തിലുള്ള കേന്ദ്ര-സംസ്ഥാന നിയമങ്ങൾ, ചട്ടങ്ങൾ, കോടതി ഉത്തരവുകൾ എന്നിവയിൽ മാറ്റം വരുത്തിയാലോ മറ്റു വകുപ്പുകളിൽനിന്ന് സമ്മതപത്രം ലഭ്യമാക്കിയാലോ മാത്രമേ നടപ്പിലാക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ യോഗം ചേരുന്നുണ്ട്. ഇക്കാര്യത്തിലെ അവ്യക്തതകൾ നീക്കാനും കാര്യങ്ങൾ അറിയാനും താത്പര്യവുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനകൾക്ക് യോഗത്തിൽ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ ഇതുമായി ബന്ധപ്പെട്ട പലതവണ യോഗങ്ങൾ നടന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിക്കാനായി 2020- നവംബർ അഞ്ചിനാണ് ജെ.ബി. കോശി കമ്മിഷനെ നിയമിച്ച് ഉത്തരവായത്. 2023 മേയ് 23-ന് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.