തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നിർണായക നീക്കവുമായി നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം.
മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജയ്ഹിന്ദ് ടിവി ക്യാമറാമാൻ ജോജി ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. ഈ ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവാണ്. നിലവിൽ ജോജിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലാണ്, ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. മൊഴി നൽകുന്നതിനെതിരേ ജോജിക്ക് ഫോണിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു.
2023 ഡിസബർ 15-ന് ആലപ്പുഴയിൽവെച്ചാണ് കെ.എസ്.യു. നേതാവും ഇപ്പോൾ എംഎൽഎയുമായ എ.ഡി. തോമസ്, അജയ് ജുവൽ കുരിയാക്കോസ് എന്നിവർക്കുനേരേ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരുടെ അതിക്രമമുണ്ടായത്. സംഭവത്തെ 'രക്ഷാപ്രവർത്തനം' എന്ന് പറഞ്ഞായിരുന്നു സർക്കാർ ന്യായീകരിച്ചിരുന്നത്.
സംഭവ ദിവസം മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോൾ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പ്രതിഷേധക്കാരെ നിയന്ത്രിച്ചിരുന്നു. എന്നാൽ ഇതിനുശേഷം വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻമാരായ അനിൽകുമാറും സന്ദീപും ചേർന്ന് കൈയിലുണ്ടായിരുന്ന പ്രത്യേക വടി ഉപയോഗിച്ച് പ്രതിഷേധക്കാരെ അതിക്രൂരമായി മർദിക്കുകയായിരുന്നു.
മർദനമേറ്റ എ.ഡി. തോമസ് എംഎൽഎയും അജയ് ജുവൽ കുരിയാക്കോസും കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അടുത്ത ദിവസങ്ങളിൽ എ.ഡി. തോമസ് എം.എൽ.എയുടെയും അജയ് ജുവലിന്റെയും വിശദമായ മൊഴിയെടുക്കും. അന്വേഷണ പുരോഗതിയെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസമെങ്കിലും എടുത്തേക്കാം.
അതേസമയം കേസ് അട്ടിമറിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അംഗരക്ഷകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഉന്നതതലത്തിലുള്ള ഇടപെടലും അന്വേഷണ അട്ടിമറിയും നടന്നതായി നിലവിലെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Cameraman records statement regarding the assault by Pinarayi Vijayan's security personnel., The incident occurred during the 2023 Navakerala Sadas in Alappuzha., Evidence includes mobile footage currently under forensic verification., Special investigation team probing potential high-level attempts to sabotage the case., Court-monitored investigation is underway with progress reports expected.
Published: 22 May 2026, 01:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented