തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള സദസ്സിനിടെ ഉണ്ടായ മർദ്ദനവുമായി ബന്ധപ്പെട്ട്‌ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ പ്രതികളായ കേസ് അട്ടിമറിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി സൂചനകൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അംഗരക്ഷകർ മർദിച്ച സംഭവത്തിൽ ഉന്നതതലത്തിലുള്ള ഇടപെടലും അന്വേഷണ അട്ടിമറിയും നടന്നതായി നിലവിലെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

To advertise here,

കേസിൽ നിർണായക തെളിവായ മർദനത്തിന്റെ വീഡിയോ കണ്ടിട്ടില്ലെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ, ആദ്യഘട്ടത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ഈ വീഡിയോയെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ആ റിപ്പോർട്ടിൽ മർദനം നടന്നത് ഡ്യൂട്ടിക്കിടയിലാണെന്ന രീതിയിലാണ് രേഖപ്പെടുത്തിയിരുന്നത്.

കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ ഡിവൈഎസ്പി സുനിൽ രാജിനെ തിരുവനന്തപുരത്ത് പേരൂർക്കടയിലുള്ള അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലേക്ക് രണ്ട് തവണ വിളിച്ചുവരുത്തിയിരുന്നു. ഈ സന്ദർശനങ്ങൾക്ക് ശേഷമാണ് അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും മാറിയതും വീഡിയോ കണ്ടിട്ടില്ലെന്ന വാദം ഉൾപ്പെടുത്തിയതും എന്ന് എസ്‌ഐടി സംശയിക്കുന്നു.

നിലവിൽ എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്  കേസ് പുനരന്വേഷിക്കുന്നത്. മുൻപ് കേസ് അന്വേഷിച്ച ഡിവൈഎസ്പി, എസ്‌ഐമാർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മൊഴികൾ എസ്‌ഐടി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ രക്ഷിക്കാൻ വേണ്ടി ബോധപൂർവ്വമായ ഇടപെടൽ ഉന്നതതലത്തിൽനിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച ഉന്നതർ ആരാണെന്ന് കണ്ടെത്താനാണ് എസ്‌ഐടി ഇപ്പോൾ ശ്രമിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് എസ്‌ഐടി ആഭ്യന്തര വകുപ്പിന് സമർപ്പിക്കും.

അതേസമയം, സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെയും നടപടിവരുമെന്നാണ് സൂചന. ഗൺമാരുടെ മർദനം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് ചട്ടവിരുദ്ധമാണെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഗൺമാൻമാർക്കെതിരേ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.