തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ അഭിപ്രായവ്യത്യാസവുമായി പ്രതിപക്ഷം. വി.ഡി. സതീശൻ മുഖ്യമന്ത്രിയായുള്ള പുതിയ സർക്കാരിന്റെ നയം പ്രഖ്യാപിച്ചുകൊണ്ട് ഗവർണർ രാജേന്ദ്ര അർലേകർ നടത്തിയത് 'നയരാഹിത്യ പ്രഖ്യാപനം' ആയിരുന്നു എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പിണറായി വിജയന്റെ ആദ്യത്തെ വാർത്താസമ്മേളനമാണ് ഇന്ന് നടന്നത്.

To advertise here,

കഴിഞ്ഞ 10 വർഷം ഇടതുമുന്നണി സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വികസനങ്ങളുടെ തുടർച്ച സംബന്ധിച്ച് നയപ്രഖ്യാപനത്തിൽ ഒന്നുമില്ല എന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു, എന്നാൽ അതിനെ അതിജീവിച്ചുകൊണ്ട് ഖജനാവിൽ 5429 കോടി രൂപയുടെ നീക്കിയിരിപ്പ് വെച്ചുകൊണ്ടാണ് സർക്കാർ പുറത്തേക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

ആ കാര്യം മറച്ചുവെച്ചുകൊണ്ടുള്ള സാമ്പത്തിക വിവരണമാണ് നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് എന്നും അദ്ദേഹം ആരോപിച്ചു. 'കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കും എന്ന് നയപ്രഖ്യാപനത്തിൽ പറയുന്നുണ്ട്, പക്ഷേ അതിന്റെ റൂട്ട് മാപ്പ് എങ്ങനെ എന്ന് ഈ പ്രഖ്യാപനത്തിൽ കാണാനില്ല.' പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ഒരു വ്യക്തതയും നയപ്രഖ്യാപന പ്രസംഗത്തിലില്ല എന്ന് പിണറായി ആരോപിച്ചു.

തിരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് പ്രകടന പട്ടികയിൽ ഉയർത്തിക്കാട്ടിയ രീതിയിലുള്ള നയപ്രഖ്യാപനമല്ല അധികാരത്തിലെത്തിയപ്പോൾ ഉണ്ടായത് എന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വികസനത്തെക്കുറിച്ചുള്ള വി.ഡി. സതീശൻ സർക്കാരിന്റെ സമീപനം ശരിയല്ല എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'തൊഴിലുറപ്പ്, കിഫ്ബി, കുടുംബശ്രീ എന്നിവയിലെല്ലാം ഒരു മൗനം ഈ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടായി' എന്നും പിണറായി ചൂണ്ടിക്കാട്ടി.

അതേസമയം, സർക്കാരിനോട് അത്ര കടുപ്പത്തോടെയുള്ള സമീപനം തൽക്കാലം ഇല്ല എന്ന തരത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. സർക്കാരിന്റെ തുടർ നടപടികളുംകൂടി നോക്കിയ ശേഷം അതിനനുസരിച്ചുള്ള പ്രതികരണമാകും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും വരിക. നാടിന് ഗുണകരമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെങ്കിൽ അതിന് പൂർണമായ പിന്തുണ നൽകുന്ന സമീപനം സ്വീകരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് ഒട്ടും ഉദാസീന മനോഭാവം ഉണ്ടാകില്ല എന്നും പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം, എതിർക്കപ്പെടേണ്ട കാര്യങ്ങളിൽ കൃത്യമായ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് തന്നെയാകും പ്രതിപക്ഷം മുന്നോട്ടുപോവുക എന്നതാണ്, 'പ്രതിപക്ഷത്തിന്റെ നയപ്രഖ്യാപനം' എന്നും പിണറായി വിജയൻ വ്യക്തമാക്കി.