തിരുവനന്തപുരം: സഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ ഭരണപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷം. കഴിഞ്ഞ ദിവസം വൈകുന്നേരം ലഭിച്ച റിപ്പോർട്ട് ഫാക്ട് ചെക്ക് പോലും ചെയ്യാതെ കണ്ണടച്ച് സഭയിലേക്ക് കൊണ്ടുവരുന്നത് ശരിയാണോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു.

To advertise here,

ലഭിച്ച റിപ്പോർട്ടിൽ ധനവകുപ്പ് ഫാക്ട് ചെക്ക് നടത്തിയിട്ടുണ്ടോ? നിയമവകുപ്പ് കാണേണ്ട കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നോ? സിവിൽ സർവന്റ്സ് പരിശോധിച്ച് സർക്കാർ രേഖയായി ആധികാരികത ഉറപ്പുവരുത്താതെ കണ്ണടച്ച് സഭയിലേക്ക് കൊണ്ടുവരുന്നത് ശരിയായ രീതിയാണോ? മന്ത്രിസഭ കണ്ടതുകൊണ്ട് ഫാക്ട് ചെക്ക് നടന്നു എന്ന് വരുമോയെന്നും പിണറായി വിജയൻ സഭയിൽ ചോദിച്ചു. എല്ലാത്തിനും അതിന്റേതായ നടപടിക്രമങ്ങൾ വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

ഈ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിരാശയാണ് നൽകിയതെന്നും നയരാഹിത്യമായിരുന്നു മുഖമുദ്രയെന്നും പിണറായി കൂട്ടിച്ചേർത്തു. ഈ സർക്കാരിന്റെ നയപ്രഖ്യാപനം ഒരു പ്രതീക്ഷയും സമൂഹത്തിന് മുമ്പിൽ വെക്കുന്നില്ല. ഈ നയം കേരളത്തിന്റെ മുന്നോട്ടുപോക്കിന് ഉതകുന്നതല്ല. കേരളത്തിന്റെ തകർച്ചയ്ക്ക് വഴിവെക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘപരിവാർ രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്നില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. കീഴടങ്ങൽ മനോഭാവം നയപ്രഖ്യാപനത്തിൽ കാണാൻസാധിക്കും. കേരളത്തിന്റെ താൽപ്പര്യങ്ങൾ ഹനിക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരേ നയപ്രഖ്യാപനത്തിൽ യാതൊന്നും പരാമർശിക്കപ്പെട്ടിട്ടില്ല. ഭരണത്തിന്റെ തുടക്കത്തിൽത്തന്നെ ഒരുതരം രാഷ്ട്രീയ ദുരൂഹത ഉയർന്നുവന്നു എന്നത് കാണേണ്ടതുണ്ട്. പതിയെ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്, പിണറായി വിജയൻ പറഞ്ഞു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ നയപ്രഖ്യാപനത്തിൽ കുറ്റകരമായ മൗനമാണ് പാലിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിച്ചുവന്നതിന് ശേഷം കണ്ടത് മുഖ്യമന്ത്രിപദത്തിന് വേണ്ടിയുള്ള തർക്കമാണ്. തെരുവുകളിൽ ഗ്രൂപ്പ് യുദ്ധം സംഘടിപ്പിച്ചു. കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്നതായാണ് തുടക്കത്തിൽത്തന്നെ ഉണ്ടായ പ്രതീതി. ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ മാറ്റങ്ങൾ ഏകപക്ഷീയമായി എന്ന ആരോപണം മന്ത്രിമാരുടെ ഭാഗത്തുനിന്നുതന്നെ ഉയരുകയാണ്.

സത്യപ്രതിജ്ഞാവേളയിലെ വന്ദേമാതര പ്രശ്നം വല്ലാത്തൊരു ദുരനുഭവമായി. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലപാടിനോടുള്ള കീഴ്പ്പെടലാണ് ഉണ്ടായത്. യാദൃച്ഛികമായി സംഭവിച്ചതാണെന്ന് കരുതാമോ? കർണാടകയിലും അതാവർത്തിച്ചു. സത്യപ്രതിജ്ഞാവേദിയിൽ മന്ത്രിസഭാംഗങ്ങൾ മാത്രം മതിയെന്ന് ഗവർണർ നിർദേശിച്ചെന്നും അത് പിന്നീട് തിരുത്തിച്ചെന്നും സർക്കാർ അഭിമാനപൂർവ്വം പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ആർഎസ്എസ് അജണ്ടയ്ക്ക് വഴങ്ങാതെ നിൽക്കാൻ എന്തുകൊണ്ടാണ് കഴിയാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പരാജയപ്പെട്ടു. അത് അംഗീകരിച്ചുതന്നെയാണ് പോകുന്നത്. പക്ഷെ, ഞങ്ങൾ ഈ സംസ്ഥാനത്ത് ഉയർത്തിയ രാഷ്ട്രീയമുണ്ട്. അതോടൊപ്പം കഴിഞ്ഞ സർക്കാർ മുന്നോട്ടുവെച്ച വികസന പരിപ്രേക്ഷ്യമുണ്ട്. അതെല്ലാം ഞങ്ങൾ മുറുകെപ്പിടിക്കും. ഇതോടെ എല്ലാം അവസാനിച്ചു എന്നല്ല ഞങ്ങൾ കാണുന്നത്. മുൻകാലങ്ങളിൽ ഉണ്ടായതുപോലെത്തന്നെ കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചുവരും. യുഡിഎഫ് തരംഗത്തിലും നേമത്ത് 2021-ൽ കിട്ടിയ വോട്ടുപോലും ഇത്തവണ കിട്ടാത്തത് പരിശോധിക്കേണ്ടതാണ്. നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരും യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.

നയപ്രഖ്യാപന പ്രസംഗത്തെ സംസ്ഥാന ബിജെപി അധ്യക്ഷൻ അഭിനന്ദിക്കുകയാണുണ്ടായത്. നയപ്രഖ്യാപനത്തിലുള്ള ഭൂരിഭാഗവും ബിജെപിയുടെ പ്രകടനപത്രികയിൽ നിന്നും കാഴ്ചപ്പാടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കടമെടുത്ത് തയ്യാറാക്കിയതാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. ഇതിലൂടെ വ്യക്തമാക്കുന്നത്, ബിജെപി അജണ്ട അനാവരണം ചെയ്യുന്ന നയപ്രഖ്യാപനമെന്ന് കണ്ടുകൊണ്ടാണ് അദ്ദേഹം അതിനെ അനുകൂലിച്ചത് എന്നാണെന്നും പിണറായി വിജയൻ പറഞ്ഞു.