കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ ഞെട്ടിച്ച് വിധിയെഴുതിയ പയ്യന്നൂരിലും തളിപ്പറമ്പിലും രാഷ്ട്രീയം വിശദീകരിക്കാൻ പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. വിപുലീകൃത സംസ്ഥാനസമിതി േചരുന്നതിന് മുൻപ് തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായാണ് നയംവ്യക്തമാക്കാൻ പിണറായി എത്തുന്നത്. 29, 30, 31 തീയതികളിൽ രണ്ട്‌ മണ്ഡലങ്ങളിലുമായി നാലിടത്താണ് പിണറായിയുടെ വിശദീകരണയോഗം. പയ്യന്നൂർ, മാത്തിൽ, തളിപ്പറമ്പ്, മയ്യിൽ എന്നിവിടങ്ങളിലാണ് അദ്ദേഹം സംസാരിക്കുക.

To advertise here,

പയ്യന്നൂർ മണ്ഡലത്തിലെ മാത്തിൽ, തളിപ്പറമ്പിലെ മയ്യിൽ മേഖലകളിൽ തിരഞ്ഞെടുപ്പുകാലത്ത് സി.പി.എമ്മിനുള്ളിൽ പ്രതിഷേധം രൂപപ്പെട്ടിരുന്നു. തോൽവിയുടെ പശ്ചാത്തലത്തിൽ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയൻ പറയുന്ന രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ട്. ഇടഞ്ഞ് പുറത്തുപോയവരോടുള്ള സമീപനമെന്തെന്നും അതിൽനിന്ന് വ്യക്തമാകും.

രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥിനിർണയത്തിലുൾപ്പെടെ വീഴ്ചയുണ്ടായെന്ന് സമ്മതിച്ചെങ്കിലും അതിനപ്പുറത്തുള്ള ഘടകങ്ങൾ അണികളെ വേണ്ടവിധം ബോധ്യപ്പെടുത്താനായിട്ടില്ല. പലരും പലതവണ വിശദീകരിച്ചിട്ടും നേതൃത്വം ഉദ്ദേശിച്ച രീതിയിലല്ല തോൽവിയുടെ കാരണങ്ങൾ അണികൾ ഉൾക്കൊണ്ടത്. പാർട്ടിക്കോട്ടകളായ രണ്ടിടത്തെയും പരാജയത്തിൽനിന്ന് സി.പി.എം. ഇതുവരെ മുക്തമായിട്ടുമില്ല. ശക്തമായ ഇടപെടലുണ്ടായില്ലെങ്കിൽ കാൽക്കീഴിലെ മണ്ണ് പൂർണമായും ഒഴുകിപ്പോകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

മറ്റു മണ്ഡലങ്ങളിലെ തോൽവിപോലെയല്ല പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയമെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. യു.ഡി.എഫ്. തരംഗത്തിനപ്പുറമുള്ള കാരണങ്ങൾ രണ്ടിടത്തും ഒളിഞ്ഞിരിപ്പുണ്ട്. അണികൾ മാത്രമല്ല പ്രവർത്തകരും നേതാക്കളുംവരെ വോട്ട്‌ മാറ്റിചെയ്യുകയും വോട്ട് മറിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ തിരിച്ചുപിടിക്കുകയാണ് ആദ്യലക്ഷ്യം. അത് ശ്രമകരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് പിണറായി വിജയൻതന്നെ കളത്തിലിറങ്ങുന്നത്.

പയ്യന്നൂരിൽ എം.എൽ.എ. എന്നനിലയിലുള്ള വി. കുഞ്ഞികൃഷ്ണന്റെ പ്രവർത്തനത്തെ പ്രതിരോധിക്കാൻ നിയമപരമായും രാഷ്ട്രീയമായും ശ്രമിക്കുന്നുണ്ട്. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച രക്തസാക്ഷിഫണ്ട് ക്രമക്കേടിലുൾപ്പെടെ കൃത്യമായി മറുപടി നൽകാനാകാത്തതാണ് ഇപ്പോഴും തലവേദന. തളിപ്പറമ്പിൽ എം.എൽ.എ. എന്ന നിലയിൽ നിറഞ്ഞുനിൽക്കുന്ന ടി.കെ. ഗോവിന്ദൻ സി.പി.എമ്മിനെ രാഷ്ട്രീയമായി കടന്നാക്രമിക്കാനും ശ്രമിക്കുന്നുണ്ട്. സി.പി.എം. തുടങ്ങിയ ഹലാൽ ഫായിദ സഹകരണസംഘത്തിൽനിന്ന് പണം തിരിച്ചുകിട്ടാത്ത നിക്ഷേപകരുമായി മുഖ്യമന്ത്രിയെ കണ്ടത് ഇത്തരത്തിലൊരു നീക്കമായാണ് വിലയിരുത്തുന്നത്.