കണ്ണൂര്‍: ഏക സിവില്‍കോഡിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ഒരു ന്യൂനപക്ഷവിഭാഗത്തെ മാത്രമല്ല, എല്ലാ ന്യൂനപക്ഷവിഭാഗങ്ങളേയും കൈകാര്യംചെയ്യുന്ന ഒന്നായി ആര്‍എസ്എസ് മാറുന്നുവെന്ന് ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞുവെന്നാണ് സത്യദീപത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരായി ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലി കണ്ണൂര്‍ കലക്ടറേറ്റ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

'ഏകസിവില്‍ കോഡ് മുസ്ലിമിനെതിരെയുള്ളത് മാത്രമല്ല, എല്ലാ വിഭാഗങ്ങള്‍ക്കുമെതിരെയുള്ള ഒന്നാണ്. പലരീതിയിലുള്ള വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രമാണ് നമ്മുടേത്. അതുമുഴുവന്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് ഏക സിവില്‍കോഡിലൂടെ നടത്തുന്നതെന്ന് സത്യദീപം ശരിയായ രീതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു', പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

പൗരത്വബില്ലിനെതിരെ രാജ്യം മുഴുവന്‍ തെരുവിലറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് എം.പിമാരുണ്ടായിരുന്നില്ലെന്ന വിമര്‍ശനം പിണറായി വിജയന്‍ ആവര്‍ത്തിച്ചു. രാഹുല്‍ഗാന്ധി ആ സമയത്ത് വിദേശത്തായിരുന്നു. പ്രക്ഷോഭത്തില്‍ ഇടതുനേതാക്കള്‍ അറസ്റ്റുചെയ്യപ്പെട്ടു. ഏതെങ്കിലും ഒരു കോണ്‍ഗ്രസുകാരനെ ആ കൂട്ടത്തില്‍ കാണാന്‍ കഴിഞ്ഞോ? ഒറ്റയ്ക്കാണെങ്കിലും ആലപ്പുഴ എം.പി. എ.എം. ആരിഫിന്റെ ശബ്ദമുയര്‍ന്നു. കേരളത്തില്‍നിന്നുള്ള മറ്റുള്ളവര്‍ സാങ്കേതികമായി അതിന് അനുകൂലമാണെന്ന് പറഞ്ഞില്ലെന്ന് പറയാം. പക്ഷേ, ഒരു മൂലയില്‍പോയി ഒളിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

'ഇലക്ടറല്‍ ബോണ്ട് രാജ്യംകണ്ട ഏറ്റവുംവലിയ അഴിമതിയാണ്. രാജ്യത്തിന്റെ ശ്രദ്ധയാകെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാനാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ആശയം ഹിറ്റലറുടേത്, സംഘടനാരൂപം മുസോളിയുടെ ഫാസിസ്റ്റ് രൂപം. ഇതാണ് ഇന്ത്യയിലെ ആര്‍എസ്എസ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.