തിരുവനന്തപുരം: ലോ കോളേജിലെ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തെ ചൊല്ലി, നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മില്‍ വാക്‌പോര്. പ്രതിപക്ഷ നേതാവ് കെ.എസ്.യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുകയാണെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുതെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് പിന്നിരിക്കുന്നവരെപ്പോലെ സംസാരിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ലോ കോളേജില്‍ എസ്.എഫ്.ഐ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടിയെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തോടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുന്നു, പ്രവര്‍ത്തകരേയും ഗുണ്ടകളേയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല, ക്രൂരമായ കൃത്യമാണ് ലോ കോളേജില്‍ നടന്നത് എന്നിങ്ങനെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍. ഇതിനേ ന്യായീകരിക്കരുതെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എന്നാല്‍, ക്യാമ്പസുകളില്‍ കെ.എസ്.യുവിന്റെ ദീര്‍ഘകാലത്തെ അതിക്രമത്തെ നേരിട്ടാണ് എസ്.എഫ്.ഐ വളര്‍ന്നുവന്നതെന്നും എസ്.എഫ്.ഐയെ ഇത്തരത്തില്‍ അധിക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംഘടനകളുടേയും പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും ഗൗരവകരമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് പഴയ കെ.എസ്.യുക്കാരനെപ്പോലെ തരംതാഴുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
തുടര്‍ന്ന്, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. താന്‍ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും പല രാഷ്ട്രീയ അതിക്രമങ്ങളേയും അതിജീവിച്ചാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തിപരമായി പ്രതിപക്ഷ നേതാവിനെ അപമാനിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഗുണ്ടകള്‍ക്ക് പ്രചോദനം നല്‍കുന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടേതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
Content Highlights: pinarayi vijayan and v d satheesan on sfi-ksu conflict in thiruvananthapuram law college
Published: 16 Mar 2022, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented