ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.). ഞായറാഴ്ചയും ജന്തർമന്തറിലേക്ക് മാർച്ചിന് സി.ജെ.പി. ആഹ്വാനം ചെയ്തു. രാവിലെ 10 മണിക്കാണ് മാർച്ച്. സി.ജെ.പി. നേതാവ് അജിങ്ക്യ ഷിൻഡേ ആണ് മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

To advertise here,

'ഗ്യാനേഷ് കുമാർ രാജിവെക്കാതെ ഞങ്ങൾ പിന്മാറില്ല, വീടുകളിലേക്ക് മടങ്ങുകയുമില്ല. കഴിഞ്ഞ തവണ നിങ്ങളുടെ അഹങ്കാരം തകർത്തതുപോലെ ഇത്തവണയും ഞങ്ങൾ അത് ചെയ്യും,' അജിങ്ക്യ ഷിൻഡെ പറഞ്ഞു.

അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കളൊഴികെയുള്ള മറ്റെല്ലാവരെയും വിട്ടയച്ചതായി ഡൽഹി പോലീസ് അറിയിച്ചു. സി.ജെ.പി. നേതാക്കൾക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് വ്യക്തമാക്കി. അഭിജിത്ത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ്, ധ്രുവ് റാഠി എന്നിവർ കസ്റ്റഡിയിൽ തുടരുകയാണ്.

തലസ്ഥാനത്തെ പ്രതിഷേധങ്ങളെ തുടർന്ന് അടച്ചിട്ട ഡൽഹി മെട്രോ നെറ്റ്വർക്കിലെ എല്ലാ സ്റ്റേഷനുകളുടെയും എൻട്രി, എക്‌സിറ്റ് ഗേറ്റുകൾ പൂർണമായി തുറന്നതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. തടസപ്പെട്ടിരുന്ന ഇന്റർചേഞ്ച് സൗകര്യങ്ങളും എല്ലാ സ്റ്റേഷനുകളിലും പുനഃസ്ഥാപിച്ചിട്ടുണ്ട്. ട്രെയിൻ സർവീസുകൾ ഞായറാഴ്ച മുതൽ സാധാരണഗതിയിലേക്ക് തിരിച്ചെത്തുമെന്ന് റെയിൽവേയും അറിയിച്ചു.

ഞായറാഴ്ച രാജ്യതലസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് ഡൽഹി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വിലയിരുത്തി രാവിലെ ആറ് മണി മുതൽ ഡൽഹിയിലെ മുപ്പതോളം റോഡുകൾ അടച്ചിടുമെന്നാണ് പോലീസ് അറിയിച്ചത്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും പോലീസ് നിർദേശിച്ചു.