കോഴിക്കോട്: പേരമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഷാഫി പറമ്പില്‍ എംപി ഉന്നയിച്ച ആരോപണം തള്ളി സിഐ അഭിലാഷ് ഡേവിഡ്. സംഘര്‍ഷം നടക്കുന്ന സമയത്ത് തനിക്ക് ബസ് സ്റ്റാന്‍ഡിലായിരുന്നു ഡ്യൂട്ടി. സംഘര്‍ഷം നടന്ന ഭാഗത്ത് താനുണ്ടായിരുന്നില്ല. സര്‍വീസില്‍നിന്ന് തന്നെ പിരിച്ചുവിട്ടിട്ടില്ലെന്നും സസ്‌പെന്‍ഷന്‍ മാത്രമാണുണ്ടായതെന്നും അഭിലാഷ് ഡേവിഡ് കൂട്ടിച്ചേര്‍ത്തു.

To advertise here,

അന്ന് തനിക്ക് അവിടെ ഡ്യൂട്ടി ഉണ്ടായിരുന്നു. പക്ഷേ ബസ് സ്റ്റാന്‍ഡിലായിരുന്നു ഡ്യൂട്ടി. ബസ് സ്റ്റാന്‍ഡില്‍നിന്ന് 10-25 മീറ്റര്‍ ഇപ്പുറത്താണ് ഈ സംഭവം നടക്കുന്നത്. അവിടെ ഡിവൈഎസ്പിയും ബാക്കി ഉദ്യോഗസ്ഥരുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്.  സസ്‌പെന്‍ഷന്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അഭിലാഷ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

തന്നെ മര്‍ദിച്ചത് അഭിലാഷ് ഡേവിഡ് എന്ന സിഐ ആണെന്നായിരുന്നു ഇന്ന് കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷാഫി പറമ്പില്‍ ആരോപിച്ചത്. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. മാത്രമല്ല, ഗുണ്ടാബന്ധത്തിന്റെ പേരില്‍ 2023 ജനുവരിയില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരിലൊരാളാണ് അഭിലാഷ് എന്നും ഷാഫി ആരോപിച്ചിരുന്നു.

പിരിച്ചുവിട്ടെന്ന് മാധ്യമങ്ങളോടും നിയമസഭയിലും പറയുക. ശേഷം അവരെ രഹസ്യമായി തിരിച്ചെടുത്തശേഷം സിപിഎം പറയുന്ന ഗുണ്ടാപ്പണിക്ക് അവരെ നിയോഗിക്കുക എന്നതാണ് സംഭവിച്ചതെന്ന് ഷാഫി പറഞ്ഞിരുന്നു. സിഐ അഭിലാഷ് ഡേവിഡ് എന്ന സിപിഎമ്മിന്റെ പോലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ പോലീസ് അക്രമത്തിന് നേതൃത്വം കൊടുത്തത്. വടകര കണ്‍ട്രോള്‍ റൂമിലെ സിഐയാണ്. ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതിന്റെ ഓര്‍ഡറുണ്ട്. എന്നാല്‍, പിരിച്ചുവിട്ടതിന്റെ ഓര്‍ഡറില്ല. അഭിലാഷിന് പഴയ എസ്എഫ്ഐ ബന്ധമുണ്ടെന്നും സസ്പെന്‍ഷന്‍ കാലയളവില്‍ സമയംകൊല്ലുന്നതിന് ഏരിയാ കമ്മിറ്റി സന്ദര്‍ശിച്ചിരുന്നൊരാള്‍ ആണെന്നും ഷാഫി ആരോപിച്ചിരുന്നു.