
തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആനിന്റെ മരണം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തില്‍പ്പെട്ട പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന് (16) തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആനിന്റെയും മരണം സംഭവിച്ചത്.
നാല് പെണ്‍കുട്ടികളാണ് പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്ത് വെള്ളത്തില്‍ വീണത്. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.
പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന് (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന് (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററിലായിരുന്ന അലീനാ പുലര്‍ച്ചെയോടെ മരിച്ചു. ചികിത്സയിലുണ്ടായിരുന്ന ആനിന്റെയും നില ഗുരുതരമായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ആന്‍ മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽപ്പെട്ട മറ്റുരണ്ടു പെൺകുട്ടികളും വെൻ്റിലേറ്ററിൽ തുടരുകയാണ്. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്.

അപകടത്തില്‍പ്പെട്ട നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്കൂളിലെ വിദ്യാര്‍ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേര്‍. പള്ളിപ്പെരുന്നാള് ആഘോഷത്തിന് ഇവരുടെ വീട്ടില്‍ എത്തിയതായിരുന്നു കൂട്ടുകാരികള്‍.
ഉച്ചഭക്ഷണശേഷം റിസര്‍വോയര്‍ കാണാന്‍ നാലുപേരും ഹിമയും കൂടി പോയതായിരുന്നു. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വെള്ളത്തിൽ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീഴുകയായിരുന്നു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെള്ളത്തില്‍നിന്ന് നാലുപേരെയും പുറത്തെടുത്തത്. ഉടന്‍ സി.പി.ആര്. നല്കി പ്രദേശവാസിയുടെ കാറില്‍ ഒരാളെയും മറ്റു മൂന്നുപേരെ രണ്ടു ആംബുലന്‍സുകളിലായും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 20 മിനിറ്റിനുള്ളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Content Highlights: peechi dam accident: One more girl died after falling into Peechi Dam Reservoir
Published: 13 Jan 2025, 02:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented