വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബിൽ കേന്ദ്ര സർക്കാർ മാറ്റിവെച്ചത് കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മർദ്ദത്തിനൊടുവിലാണ്. ക്രൈസ്തവ സഭകളിലേക്ക് അടുക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ അജൻഡ തത്കാലത്തേക്ക് കേന്ദ്രം മാറ്റിവെക്കുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ 'അമിത് ഷാ ചോദിച്ചാൽ ഇനി ഞങ്ങളെന്ത് മറുപടി പറയും' എന്ന ആവലാതിയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജ് പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. സഭാ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച ഷോൺ ജോർജിന്റെ പ്രതികരണത്തിന് പിന്നാലെ പിതാവും പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥിയുമായ പി.സി.ജോർജും അധിക്ഷേപകരമായ പരാമർശളുമായി രംഗത്തെത്തി. പ്രതീക്ഷിച്ച വോട്ടുകളിലുണ്ടായ ചോർച്ചയാണ് ഇരുവരുടെയും പരസ്യപ്രതികരണത്തിന് പിന്നിലെന്നാണ് സൂചന.
ക്രൈസ്തവ സഭകളിലേക്ക് കൂടുതലടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പി. കോട്ടയം ജില്ലയിലെ അടുത്തടുത്ത മൂന്നു മണ്ഡലത്തിലാണ് ക്രൈസ്തവ സമുദായാംഗങ്ങളെ സ്ഥാനാർഥിയാക്കിയത്. പാലായിലും പൂഞ്ഞാറിലും കൂടാതെ കാഞ്ഞിരപ്പള്ളിയിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യനെയും ഇറക്കിയിരുന്നു. ബിജെപി ടിക്കറ്റിലുള്ള പിസിയുടെയും ഷോണിന്റെയും മത്സരം പാലായിലും പൂഞ്ഞാറിലും ത്രികോണ മത്സര പ്രതീതിയും സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ മണ്ഡലങ്ങളിൽ സ്വാധീനമുള്ള ക്രിസ്ത്യൻ സഭകൾക്കുനേരെ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇരുവരും നടത്തിയ പരസ്യ പ്രതികരണങ്ങൾ ആശ്ചര്യപ്പെടുത്തുന്നതാണ്. സഭയ്ക്ക് വേണ്ടെങ്കിൽ സഭയെ ബിജെപിക്കും വേണ്ടെന്നാണ് ഇരുവരും പറയുന്നത്.
സഭാ നേതൃത്വം ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായാണ് ഇരുവരും പറയുന്നത്. കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ ദീർഘകാലമായി തന്ത്രങ്ങൾ മെനയുന്ന ബിജെപിക്ക് അത് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചില്ലെന്ന തിരിച്ചറിവാകാം ഇരുവരുടേയും പ്രതികരണങ്ങൾക്ക് പിന്നിൽ. ഇരുവരുടെയും പ്രസ്താവനകൾ കനത്ത തലവേദനയും സൃഷ്ടിക്കും. ചില ബിഷപ്പുമാർ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നു പി.സി പറഞ്ഞത് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അടിയൊഴുക്കിനും കാരണമായിട്ടുണ്ടാവും.
എഫ്‌സിആർഎ നിയമം ഉടൻ കൊണ്ടുവരുമെന്നും എതിർപ്പുള്ളവർ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നുമാണ് പി.സി.ജോർജ് പറഞ്ഞവസാനിപ്പിച്ചിരിക്കുന്നത്. പി.സി.ജോർജിന്റെയും ഷോണിന്റെയും പ്രസ്താവനകളെ സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരണം നടത്തിയിട്ടില്ല.
കേന്ദ്രസർക്കാരിന്റെ വിദേശസംഭാവനാ നിയന്ത്രണനീക്കം തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും ചർച്ചയാക്കിയിരുന്നു. വിദേശസംഭാവനാ നിയന്ത്രണ ചട്ടഭേദഗതി ബിൽ ലോക്സഭയിൽ ചർച്ചയ്ക്കെടുക്കാത്തത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർഥനയെത്തുടർന്നാണെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
ബില്ലുമായി ബന്ധപ്പെട്ട് കേരളത്തിലെ സഭാ നേതൃത്വങ്ങൾക്ക് ആശങ്കയുണ്ടെന്നും അവരുമായി ചർച്ചനടത്തി ആശങ്കയും സംശയങ്ങളും ദൂരീകരിച്ചശേഷമേ ബിൽ അവതരിപ്പിക്കാവൂ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ചിരുന്നതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
Content Highlights: PC George criticizes Catholic bishops for allegedly influencing voters for UDF., Strong defense of the FCRA bill and demand for financial transparency in foreign funding
Published: 10 Apr 2026, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented