കണ്ണൂര്‍: പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ വിശദീകരണവുമായി സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. രക്തസാക്ഷികളുടെ പേരില്‍ സമാഹരിച്ച ഫണ്ടില്‍നിന്ന് ഒരു നയാപൈസ പോലും ആരും അപഹരിച്ചിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു.

To advertise here,

ധനരാജിന്റെ പേരിലുള്ള പയ്യന്നൂര്‍ റൂറല്‍ ബാങ്കിലെ കടം പാര്‍ട്ടി നേരത്തെ തന്നെ അടച്ചിരുന്നു. പയ്യന്നൂര്‍ സഹകരണ ബാങ്കിലെ കടവും പാര്‍ട്ടി തന്നെ വീട്ടുമെന്ന് ജയരാജന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ കഴിഞ്ഞദിവസം നടത്തിയ വിമര്‍ശനത്തിനുള്ള വിശദമായ മറുപടിയാണ് ജയരാജന്റെ പത്രക്കുറിപ്പിലുള്ളത്. സി.പി.എമ്മിനെ 'ശവംതീനി' എന്ന് വിശേഷിപ്പിച്ച കെ. സുധാകരന് എണ്ണിയെണ്ണി മറുപടി പറയുകയാണ് പ്രസ്താവനയില്‍ കൂടി ജയരാജന്‍ ചെയ്തിരിക്കുന്നത്. 

ധനരാജ് ഫണ്ടില്‍നിന്നും ഒരു നയാപൈസ പോലും ആരും അപഹരിച്ചിട്ടില്ല. ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചിട്ടാണ്. ബഹുജനങ്ങളില്‍നിന്ന് ഫണ്ട് പിരിക്കുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ധനരാജിന്റെ പേരില്‍ പയ്യന്നൂര്‍ റൂറല്‍ ബാങ്കിലെ കടം പാര്‍ട്ടി നേരത്തെ തന്നെ വീട്ടിയിരുന്നു. ഇതിന് പുറമെ ധനരാജിന്റെ പേരില്‍ പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലുള്ള കടം പാര്‍ട്ടി വീട്ടുമെന്നും ജയരാജന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം പയ്യന്നൂര്‍ ഫണ്ട് തിരിമറി വിഷയത്തില്‍ സി.പി.എമ്മിന്റെ അനുനയനീക്കം പാളിയിരുന്നു. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുന്‍ ഏരിയാ സെക്രട്ടറി കൂടിയായ വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പയ്യന്നൂരിലെ ഖാദി ഓഫീസിലെത്തി പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.