പയ്യന്നൂർ: ഇളകാത്ത ഇടതുകോട്ടയിൽ ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ കത്തുന്ന മീനച്ചൂടാണ്. ആരും പിടിക്കാത്ത കോട്ടയിൽ റെക്കോഡ് ഭൂരിപക്ഷം കൂട്ടാനുള്ള ശ്രമത്തിലാണ് നിലവിലെ എം.എൽ.എ. ടി.ഐ. മധുസൂദനൻ. വിവാദങ്ങളുടെ കൊടുങ്കാറ്റ് വീശിയ പയ്യന്നൂരിൽ യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന സി.പി.എം. മുൻ നേതാവ് വി. കുഞ്ഞികൃഷ്ണനാണ് പ്രധാന എതിരാളി. ചുറ്റിക അരിവാൾ നക്ഷത്രവുമായി മുന്നേറുന്ന മധുസൂദനനെ വൈദ്യുതത്തൂണുമായി വി. കുഞ്ഞികൃഷ്ണൻ ഷോക്ക് അടിപ്പിക്കുമോ? അപ്രതീക്ഷിത നീക്കങ്ങളിലൂടെയാണ് ഇത്തവണ പയ്യന്നൂരിന്റെ പോര്. കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി പയ്യന്നൂർ മാറി. അടിയൊഴുക്കുകൾ ഉണ്ടാകുമോ. അതിൽ ഒരു ശക്തിയാകാൻ എൻ.ഡി.എ. കോപ്പുകൂട്ടുമ്പോൾ പയ്യന്നൂർ പോരാട്ടത്തിന്റെ ഊരാകും.

To advertise here,

പയ്യന്നൂരിെല സി.പി.എം. സ്ഥാനാർഥിയായി മധുസൂദനനെ പാർട്ടി പ്രഖ്യാപിച്ചപ്പോൾമുതൽ പയ്യന്നൂർ സസ്‌പെൻസ് മണ്ഡലമായി മാറി. ആരായിരിക്കും എതിരാളി? പിറ്റേദിവസം കുഞ്ഞികൃഷ്ണൻ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഉറപ്പിച്ചപ്പോൾ ചിത്രം തെളിഞ്ഞു. ആർ.എസ്.പി.ക്ക് വിട്ടുനൽകിയ സീറ്റിൽ യു.ഡി.എഫ്. സ്വന്തം സ്ഥാനാർഥിയെ നിർ‍ത്തുന്നില്ലെന്ന തീരുമാനവും പിന്നാലെയെത്തി.

യു.ഡി.എഫ്. പിന്തുണയോടെ വി. കുഞ്ഞികൃഷ്ണൻ തിരഞ്ഞടുപ്പ് കളത്തിലേക്ക് വന്നു. എൻ.ഡി.എ. സ്ഥാനാർഥിയായി ബി.ജെ.പി. നേതാവ് എ.പി. ഗംഗാധരനും ഇറങ്ങി. അരയും തലയും മുറുക്കിയാണ് മധുസൂദനന്റെ രണ്ടാം അങ്കം. കൃത്യമായ ആസൂത്രണത്തോടെ മണ്ഡലവികസനം എണ്ണിപ്പറഞ്ഞാണ് വോട്ടുപിടിത്തം. ആവേശം മാത്രമല്ല, അഭിമാനപ്രശ്‌നം കൂടിയാണ് ഇക്കുറി ഇടതുമുന്നണിക്ക്. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം താഴാതെ നോക്കുക മാത്രമല്ല, അതിൽ ഒരു വോട്ടെങ്കിലും അധികം ലക്ഷ്യമിട്ടാണ് ഇടതുക്യാമ്പിന്റെ പ്രവർത്തനം.

യു.ഡി.എഫ്. ക്യാമ്പ് മണ്ഡലം കൺവെൻഷനോടെ ഉണർന്നുകഴിഞ്ഞു. സി.പി.എമ്മിലെ അടിയൊഴുക്കിലാണ് അവരുടെ പ്രതീക്ഷ. ധനരാജ് രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ അഴിമതി ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണന് അത് വോട്ടായി മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്. മണ്ഡലത്തിലെ അടിയൊഴുക്കിൽ കുഞ്ഞികൃഷ്ണൻ ഒരു മിന്നലാട്ടമാകുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ.

എൻ.ഡി.എ. സ്ഥാനാർഥിയായി ബി.ജെ.പി. നേതാവ് എ.പി. ഗംഗാധരനാണ് രംഗത്തുള്ളത്. നിയമസഭാ മണ്ഡലത്തിലെ വികസനമില്ലായ്മ എണ്ണിപ്പറഞ്ഞാണ് എൻ.ഡി.എ.യുടെ പ്രചാരണം. കഴിഞ്ഞ നിയമസഭാ മത്സരത്തിൽ ലഭിച്ച വോട്ട് വർധിപ്പിക്കുകയാണ് ലക്ഷ്യം. 1,88,317 വോട്ടർമാർമാരുടെ കൈയിലാണ് പയ്യന്നൂർ മണ്ഡലം.

ചുവപ്പ് കാറ്റ്

കരിവെള്ളൂർ സമരസേനാനിയും സി.പി.എം. നേതാവുമായ എ.വി. കുഞ്ഞമ്പുവാണ് ആദ്യമായി പയ്യന്നൂരിൽനിന്ന് നിയമസഭയിലെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യ ഷേണായിയും എം.വി. രാഘവനും പിണറായി വിജയനും പി.കെ. ശ്രീമതിയും പ്രതിനിധികളായി. 2016-ൽ സി. കൃഷ്ണൻ 40,263 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ഐ. മധുസൂദനന്റെ ലീഡ് 49,780 വോട്ട് ആണ്. പയ്യന്നൂർ നഗരസഭ, ചെറുപുഴ, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, രാമന്തളി എന്നിവ ഉൾക്കൊള്ളുന്നതാണ് പയ്യന്നൂർ മണ്ഡലം.