തിരുവനന്തപുരം: വെളിച്ചത്തിന്റെ ഒരു കീറ് തനിക്കുനേരേ തുറന്നുവരുമെന്നും അതിലൂടെ താൻ ജീവിതത്തിലേക്കു തിരികെക്കയറുമെന്നും പ്രതീക്ഷിച്ച്‌ 42 മണിക്കൂറുകൾ.

To advertise here,

പുറംലോകത്ത് എന്താണു നടക്കുന്നത്? ഭാര്യയും മക്കളും താൻ എവിടെയെന്നറിയാതെ തിരഞ്ഞുനടക്കുന്നുണ്ടാവുമോ? മെഡിക്കൽ കോേളജ് ആശുപത്രിയിലെ ലിഫ്‌റ്റിൽ ആരുമറിയാതെ രണ്ടു ദിവസത്തോളം കുടുങ്ങിക്കിടന്ന രവീന്ദ്രൻ നായർ, നാലു ഭിത്തികൾക്കുള്ളിലെ ഭീതി ഒരിക്കലും ഓർക്കാനാഗ്രഹിക്കുന്നില്ല. ഭൂമിയിൽനിന്നുപോലും അറ്റുപോയതുപോലെ നാല് ഇരുമ്പുചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട 42 മണിക്കൂറുകളായിരുന്നു അത്.

‘എന്റെ സ്ഥാനത്ത് ഒരു ഗർഭിണിയോ ഗുരതരാവസ്ഥയിലുള്ള രോഗിയോ കുഞ്ഞുങ്ങളോ ആണ് പെട്ടിരുന്നതെങ്കിൽ ജീവൻ തിരിച്ചുകിട്ടുമായിരുന്നില്ല.

ലിഫ്റ്റിൽ കയറിയത് ഒറ്റയ്ക്കായിരുന്നു. അത് ഉയർന്ന് ഒന്നാംനിലയിൽ എത്തുംമുൻപുതന്നെ വലിയ ശബ്ദത്തോടെ ഇടിച്ചുനിന്നു. ആ കുലുക്കത്തിൽ മൊബൈൽഫോൺ താഴെവീണ് ഡിസ്‌പ്ലേ തകർന്നു. ഉടൻ ശരിയാകുമെന്നും ആരെങ്കിലും രക്ഷയ്ക്കെത്തുമെന്നും അല്പനേരം കാത്തു. പതിയെ ആ പ്രതീക്ഷ നഷ്ടമായി. ലിഫ്റ്റിൽ പതിച്ചിരുന്ന എമർജൻസി നമ്പർ വല്ലവിധേനയും ഡയൽചെയ്തു. പക്ഷേ, ഫോൺ ആരുമെടുക്കുന്നില്ല. അലാം സ്വിച്ച് പലതവണ അമർത്തിയതും വിഫലം.

മൊബൈലിലെ ഒരു നമ്പരിലേക്കും വിളിക്കാനാകാത്ത അവസ്ഥ. പുറംലോകത്തുനിന്ന് അടർന്നുമാറിയപോലെ. പുറത്തൊരു ലോകമുണ്ടെന്നും അവിടെ തനിക്കൊരു കുടുംബമുണ്ടെന്നുമോർത്ത് കരയുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്’ -രവീന്ദ്രൻ നായരുടെ വാക്കുകൾ മുറിഞ്ഞു.

‘ഇത്രയധികം ആൾക്കാർ വന്നുപോകുന്ന മെഡിക്കൽ കോളജിലെ പ്രധാന കെട്ടിടത്തിനുള്ളിലെ ലിഫ്റ്റിൽ തന്റെ ശബ്ദം കേൾക്കാൻ, ലിഫ്‌റ്റ് തകരാറായതു പരിശോധിക്കാൻ ആരും ഇല്ലാത്തതിൽ പേടിപ്പിക്കുന്ന വേദന തോന്നി.

ചുവരിൽ ഇടിച്ചും ബഹളംവെച്ചും തളർന്ന് തറയിൽ വീണുപോയി. ഇടയ്ക്ക് ഉണർന്ന് പ്രതീക്ഷയോടെ ചുവരുകളിൽ തട്ടും. മരുന്നും ഭക്ഷണവുമില്ലാത്ത മണിക്കൂറുകൾ. വായുസഞ്ചാരം ഉണ്ടായിരുന്നതുകൊണ്ടു മാത്രം ജീവൻ പോയില്ല. ഏതോ ജീവനക്കാരന് അസ്വാഭാവികത തോന്നി നോക്കിയതുകൊണ്ടുമാത്രം ഞാൻ ജീവിതത്തിലേക്കു മടങ്ങി’- അദ്ദേഹം പറഞ്ഞുനിർത്തി.

മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ 42 മണിക്കൂർ രോഗി ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന സംഭവത്തിൽ തെളിയുന്നത് സംവിധാനങ്ങളുടെ ഗുരുതരമായ അനാസ്ഥ. ലിഫ്റ്റിനുള്ളിൽ അകപ്പെട്ട രവീന്ദ്രൻ നായർ രക്ഷയ്ക്കായി ഫോണിലും അലാറം വഴിയും ശ്രമിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. 24 മണിക്കൂറും സക്രിയമായ സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കൽ കോളേജിലാണ് ഈ അവസ്ഥയെന്നത് ആരോഗ്യകേരളത്തെ ലജ്ജിപ്പിക്കുന്നതാണ്.

രവീന്ദ്രൻ നായർ കയറിയ പതിനൊന്നാം നമ്പർ ലിഫ്റ്റ് താഴത്തെ നിലയ്ക്കും ഒന്നാമത്തെ നിലയ്ക്കും ഇടയിൽ കുടുങ്ങിനിൽക്കുകയായിരുന്നു. ഒന്നര ദിവസത്തിലധികം ലിഫ്റ്റ് ഇങ്ങനെ നിന്നിട്ടും ആരും ശ്രദ്ധിച്ചില്ല.

ഒരുപക്ഷേ, തിങ്കളാഴ്ച രാവിലെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ രവീന്ദ്രൻ നായരുടെ ജീവൻതന്നെ അപകടത്തിലായേനെ. ലിഫ്റ്റ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഇവിടെ പുത്തരിയല്ല. മെഡിക്കൽ കോളേജ് വളപ്പിൽത്തന്നെയുള്ള റീജണൽ കാൻസർ സെന്ററിൽ മൂന്നു വർഷം മുൻപ് ലിഫ്റ്റിൽനിന്നു വീണ് യുവതി മരിച്ചിരുന്നു. ചികിത്സയിൽക്കഴിയുന്ന മാതാവിനെ കാണാനെത്തിയ പത്തനാപുരം സ്വദേശിനിയാണ് അന്നു മരിച്ചത്.

അറ്റകുറ്റപ്പണികൾ നടന്നിരുന്ന ലിഫ്റ്റിന്റെ മുകൾഭാഗം തടിക്കഷണങ്ങൾകൊണ്ട് മറച്ചുെവച്ചിരിക്കുകയായിരുന്നു. മുന്നറിയിപ്പ് ബോർഡുകളൊന്നും സ്ഥാപിച്ചിരുന്നില്ല. സംഭവം വിവാദമായപ്പോൾ ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കാതെ നോക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം ഉറപ്പുകളെല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങിയെന്നാണ് നിലവിലെ സംഭവം സൂചിപ്പിക്കുന്നത്.