തിരുവനന്തപുരം: ഉപകരണങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങിയതിനെ വിമര്‍ശിച്ച ഡോ. ഹാരിസ് ചിറയ്ക്കല്‍ ആദ്യകുറിപ്പ് പിന്‍വലിച്ചിട്ട പോസ്റ്റിലും കടുത്തവിമര്‍ശനം.

To advertise here,

കുറിപ്പ് ഇങ്ങനെ: 'പോസ്റ്റ് പിന്‍വലിക്കുന്നു. ഇന്നുവരെ വ്യക്തിപരമായ ഒരു കാര്യത്തിനും ആരുടേയും മുന്നില്‍ നട്ടെല്ലുവളയ്ക്കാത്ത ഞാന്‍, വകുപ്പ് മേധാവിയായശേഷം ഒരുപാടുപേരെ സാര്‍ വിളിച്ചു, ഒരുപാട് മേശകളുടെ മുന്നില്‍ ഓച്ചാനിച്ചുനിന്നു. ഒന്നും നടന്നില്ല. കുടുംബത്തിലെ ഒരു പരിപാടികള്‍ക്കും ഞാന്‍ ഇപ്പോള്‍ പോകാറില്ല. ടൂറിനോ ദൂരയാത്രകള്‍ക്കോ കോണ്‍ഫറന്‍സുകള്‍ക്കോ പോകാറില്ല. എപ്പോഴാണ് ആശുപത്രിയില്‍നിന്ന് വിളിക്കുക എന്നറിയില്ല. മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ വൃക്ക കൊണ്ടുവന്ന്, ആരും ഏറ്റുവാങ്ങാനില്ലാതെ ആംബുലന്‍സ് ഡ്രൈവര്‍ കാത്തിരുന്ന സംഭവമൊക്കെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ആ കറ മായ്ക്കാനും തെറ്റുകള്‍ തിരുത്താനും അഹോരാത്രം ഞാനും എന്റെ സഹപ്രവര്‍ത്തകരും ശ്രദ്ധിക്കുകയാണ്.

സാധാരണ ജനങ്ങളുടെ ആശ്രയവും അത്താണിയുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. എനിക്ക് അതിനോട് നീതിപുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരുന്നിട്ട് എന്തു കാര്യം.'

പോസ്റ്റിട്ടത് മനംമടുത്തിട്ട് -ഡോ. ഹാരിസ് ചിറയ്ക്കല്‍

മനംമടുത്താണ് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. രോഗികളോട് മറുപടിപറയാനാകുന്നില്ല. ഇതിന്റെപേരില്‍ നടപടിയുണ്ടാകുന്നുവെങ്കില്‍ ഉണ്ടാകട്ടെയെന്നും ഡോ. ഹാരിസ് 'മാതൃഭൂമി'യോട് പറഞ്ഞു.

രോഗികള്‍ വളരെ ദൂരെനിന്നാണ് എത്തുന്നത്. ഇവിടെ വരുമ്പോള്‍ ഉപകരണങ്ങളില്ലെന്നുപറഞ്ഞ് അവരെ പറഞ്ഞുവിടേണ്ടിവരുന്നു. മാസങ്ങളായി ഇതാണവസ്ഥ. സൂപ്രണ്ടിനോടും, ആശുപത്രി വികസനസമിതിയോടും പലതവണ പരാതിപറഞ്ഞു. നടപടിയില്ല. ഈ വര്‍ഷം ഒരു കാഷ്വല്‍ ലീവുപോലും എടുത്തിട്ടില്ല. ആദ്യമായാണ് ശനിയാഴ്ച അവധിയെടുത്തത്. ഇത്രയും ആത്മാര്‍ഥതയോടെ ജോലിചെയ്തിട്ടും ദുരനുഭവങ്ങള്‍ മാത്രമാണ്. സംവിധാനത്തിനെ മുഴുവന്‍ നാണംകെടുത്തണമെന്ന ചിന്തയില്ല.

വിഷയങ്ങള്‍ മന്ത്രിയുടെ ഓഫീസിനെ നേരിട്ട് അറിയിച്ചിരുന്നു. ചില ഉപകരണങ്ങള്‍ വേണമെന്നു പറയുമ്പോള്‍ അധികൃതര്‍ ചോദിക്കുന്നത് നേരത്തേ പറഞ്ഞവ വാങ്ങിത്തന്നിട്ടില്ലേയെന്നാണ്. പ്രത്യേക മാനസികാവസ്ഥയിലാണ് ജീവിതംതന്നെ മടുത്തു എന്ന് കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷിക്കും -മന്ത്രി വീണാ ജോര്‍ജ്

ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഡിഎംഇയോട് റിപ്പോര്‍ട്ട് തേടി.

നൂറുകണക്കിന് ശസ്ത്രക്രിയ മുടങ്ങിയെന്നത് ചെറിയ കാര്യമല്ല. സര്‍ക്കാരിന്റെയും ഡിഎംഇയുടെയും മുന്‍പില്‍ ഈ പ്രശ്‌നമെത്തിയിട്ടില്ല. എന്താണെന്നത് സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലപാടുകളില്‍ അയവില്ല, സ്വകാര്യ പ്രാക്ടീസിനോട് എന്നും വെറുപ്പ്

തിരുവനന്തപുരം: ആശുപത്രിയില്‍ എത്തുന്ന ഓരോ രോഗിയിലും തന്റെ ശ്രദ്ധപതിയണമെന്ന നിര്‍ബന്ധമാണ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ വ്യത്യസ്തനാക്കുന്നതെന്ന് സഹപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും. ഓരോ ദിവസവും നിശ്ചയിച്ചിട്ടുള്ള അത്രയും ഓപ്പറേഷനുകള്‍ ചെയ്തുതീരുംവരെ എത്രവൈകിയാലും തിയേറ്ററില്‍ത്തന്നെ അദ്ദേഹമുണ്ടാകും.

മെഡിക്കല്‍കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമായ സമയത്തുപോലും അതുചെയ്യില്ലെന്ന് ഉറപ്പിച്ചയാളാണ് അദ്ദേഹം. സ്വകാര്യപ്രാക്ടീസിനെ സംഘടനായോഗങ്ങളിലെല്ലാം തരം കിട്ടുമ്പോഴൊക്കെ വിമര്‍ശിക്കാറുമുണ്ട്. ഈ നിലപാടുതന്നെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് മാറ്റി അദ്ദേഹത്തെ തിരുവനന്തപുരത്ത് വകുപ്പ് മേധാവിയാക്കിയതിനുപിന്നിലും. ജീവനക്കാരുടെയോ ഉന്നതരായ മറ്റുള്ളവരുടെയോ സ്വാധീനത്തിന് അദ്ദേഹം ഒരിക്കലും വഴങ്ങാറില്ല.

സ്വന്തം മകന് കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെതന്നെ ഭാഗമായ കണ്ണാശുപത്രിയില്‍ അദ്ദേഹംതന്നെ നേരിട്ടുവന്ന് രോഗികള്‍ക്കൊപ്പം ക്യൂനിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.