തിരുവനന്തപുരം: അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. തിരുവനന്തപുരം ഉച്ചക്കട സ്വദേശി സജികുമാര്‍ (42) ആണ് മരിച്ചത്. ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ 25നാണ് സജികുമാറിനെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 

To advertise here,

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ സജികുമാര്‍ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. സജികുമാറിന്റെ മരണത്തിന് പിന്നില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മരണത്തിന് പിന്നാലെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സജികുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. അവയവമാറ്റത്തിന് വിധേയനായ വ്യക്തി മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിബന്ധന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജികുമാറിന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ല. 

ഓഗസ്റ്റ് 25ന് പക്ഷാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച അധ്യാപികയായ ഗോപികയുടെ വൃക്കയാണ് സജികുമാറിന് ശസ്ത്രക്രിയിലൂടെ വെച്ച് പിടിപ്പിച്ചിരുന്നത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സജികുമാറിന്റെ ആരോഗ്യനില വഷളാവുകയും അതീവ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു. 

ഇത് മൂന്നാം തവണയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അവയവമാറ്റം വിവാദത്തിലാകുന്നത്. മുമ്പ് ജൂണ് 21ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ സുരേഷ് കുമാറെന്ന രോഗി മരിച്ചിരുന്നു. അന്ന് വൃക്കമാറ്റിവെക്കല്‍ വൈകിയ ഗുരുതരമായ വീഴ്ചയാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.

എറണാകുളം രാജഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വൃക്ക കൃത്യസമയത്തിന് മുമ്പെത്തിച്ചിട്ടും മണിക്കൂറുകള്‍ വൈകിയാണ് അന്ന്‌ ശസ്ത്രക്രിയ നടന്നത്. അതിന് ശേഷം മറ്റൊരു മരണം കൂടി നടന്നിരുന്നു. ഇപ്പോള്‍ സജികുമാറിന്റെ മരണം കൂടി സംഭവിച്ചതോടെ അവയവമാറ്റ ശസ്ത്രക്രിയയുടെ കാര്യക്ഷമതയേപ്പറ്റി സംശയമുയരുന്നുണ്ട്.