കിളിമാനൂർ (തിരുവനന്തപുരം): കാൽനടയാത്രക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വാഹനം നിർത്താതെപോയ പാറശ്ശാല എസ്എച്ച്ഒ പി.അനിൽകുമാറിനെതിരേ കർശന നടപടിക്ക് റൂറൽ എസ്‌പിയുടെ ശുപാർശ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം അനിൽകുമാറിന്റേതാണെന്ന് കണ്ടെത്തിയത്.
അനിൽകുമാർ തന്നെയാണ് വാഹനം ഓടിച്ചതെന്നതാണ് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിട്ടുള്ളത്. കിളിമാനൂർ ചിറ്റിലഴികം ചേണിക്കുഴി മേലേവിളകുന്നിൽ വീട്ടിൽ രാജൻ (59) ആണ് മരിച്ചത്. ഏഴിന് പുലർച്ചെ നാലിനും അഞ്ചരയ്ക്കും ഇടയിൽ കിളിമാനൂർ പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം.
അനിൽകുമാറിന്റെ പേരിലുള്ള കാർ നിലമേൽ കൈത്തോടുള്ള വീട്ടിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനുശേഷം കാർ വർക്ക് ഷോപ്പിൽ നൽകി അറ്റകുറ്റപ്പണി നടത്തിയതായും സംശയിക്കുന്നുണ്ട്. അനിൽകുമാറിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ ഇത് സംബന്ധിച്ച് ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ജുലാൽ അന്വേഷണം നടത്തിയിരുന്നു. അനിൽകുമാറിന്റെ മൊഴി അനൗദ്യോഗികമായി രേഖപ്പെടുത്തിയെന്നാണറിയുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തായിരുന്ന അനിൽകുമാർ ഞായറാഴ്ച പുലർച്ചയോടെ തിരിച്ചെത്തിയിരുന്നു.
റൂറൽ എസ്‌പി കെ.എസ്.സുദർശൻ ഡിഐജിക്ക് നൽകിയ റിപ്പോർട്ടിൽ അനിൽകുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥനാണ് അപകടത്തിൽപ്പെട്ടയാളെ വഴിയിൽ ഉപേക്ഷിച്ച് പോയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്‌തേക്കും.
വീട്ടിൽനിന്നു പാറശ്ശാല സ്റ്റേഷനിലേക്ക് പോകാനായി അനിൽകുമാർ വെഞ്ഞാറമൂട് ഭാഗത്തേക്കാണ് കാറോടിച്ചുപോയത്. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാത്തതിനും അധികൃതരെ അപകടവിവരം അറിയിക്കാത്തതിനുമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.
Content Highlights: Parassala SHO P. Anilkumar faces disciplinary action for a hit and run that killed a pedestrian
Published: 15 Sept 2025, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented