തിരുവനന്തപുരം: വിഖ്യാത കര്ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള് (96) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് വിശ്രമത്തിലായിരുന്നു.
തമിഴ്നാട്ടിലും കേരളത്തിലും പൊന്നമ്മാളുടെ കച്ചേരികള്ക്ക് നിറഞ്ഞ ആസ്വാദകരുണ്ടായിരുന്നു. പഠിച്ചും പഠിപ്പിച്ചുംകൊണ്ടും കേരളത്തിലെ കര്ണാടക സംഗീതജ്ഞരില് മുന്പന്തിയില് തന്നെ സ്ഥാനമുറപ്പിച്ച സംഗീതജ്ഞയായിരുന്നു പൊന്നമ്മാള്. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില് ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാള്ക്കുണ്ട്. 2017ല് രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
പാറശ്ശാല ഗ്രാമത്തില് ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924-ല് ജനിച്ച പൊന്നമ്മാള് ഏഴാം വയസ്സിലാണ് സംഗീതം അഭ്യസിച്ചുതുടങ്ങിയത്. അച്ഛന്റെ സ്ഥലംമാറ്റത്തെ തുടര്ന്ന് ആദ്യം അടൂരിലും പിന്നീട് പാറശ്ശാലയിലുമായിരുന്നു പ്രാരംഭപഠനം.
തിരുവനന്തപുരം സ്വാതിതിരുനാള് സംഗീത അക്കാദമിയിലെ ആദ്യബാച്ചില് ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണും ഒന്നാംറാങ്കോടെയും പാസ്സായി. പ്രസിദ്ധ സംഗീതജ്ഞന് പാപനാശം ശിവനില്നിന്ന് സംഗീതാഭ്യാസം നേടിയിട്ടുണ്ട്. 18-ാം വയസ്സില് തിരുവനന്തപുരം കോട്ടണ്ഹില് ഗേള്സ് സ്കൂളില് സംഗീതാധ്യാപികയായ പൊന്നമ്മാള് തുടര്ന്ന് സ്വാതിതിരുനാള് സംഗീത അക്കാദമിയില് ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
തൃപ്പൂണിത്തുറ ആര്.എല്.വി. സംഗീത കോളേജിന്റെ പ്രിന്സിപ്പലായാണ് ഔദ്യോഗിക ജീവിതത്തില്നിന്ന് വിരമിച്ചത്. നെയ്യാറ്റിന്കര വാസുദേവന്, പാലാ സി.കെ.രാമചന്ദ്രന്, ഡോ. ഓമനക്കുട്ടി, എം.ജി.രാധാകൃഷ്ണന്, കുമാരകേരള വര്മ തുടങ്ങി പുതുതലമുറയിലെ പൂവരണി കെ.വി.പി.നമ്പൂതിരി വരെ സംഗീതത്തില് പൊന്നമ്മാളുടെ ശിഷ്യത്വം നേടിയവര് നിരവധിയാണ്.
സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ്കൃതികളും ഇടംചേരുന്നതാണ് അവരുടെ കച്ചേരികള്. മാവേലിക്കര വേലുക്കുട്ടിനായര്, മാവേലിക്കര കൃഷ്ണന്കുട്ടിനായര്, ചാലക്കുടി നാരായണസ്വാമി, ലാല്ഗുഡി വിജയലക്ഷ്മി, നെല്ലൈ മണി, ഉടുപ്പി ശ്രീധര് തുടങ്ങി പുതുതലമുറയിലെ രാജേഷ്, നാഞ്ചില് അരുള് വരെയുള്ളവര് കച്ചേരികള്ക്ക് പക്കമേളം വായിച്ചിട്ടുണ്ട്.
2009ലെ കേരള സര്ക്കാരിന്റെ സ്വാതി പുരസ്കാരം, കേന്ദ സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങള്, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പന് പുരസ്കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്കാരം തുടങ്ങി 30ലേറെ അവാര്ഡുകള് അവര്ക്ക് ലഭിച്ചിട്ടുണ്ട്. പരേതനായ ആര്. ദൈവനായകം അയ്യരാണ് ഭര്ത്താവ്. റിസര്വ് ബാങ്ക് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യം, ബി.എസ്.എന്.എല്. ഉദ്യോഗസ്ഥനായ മഹാദേവന് എന്നിവര് മക്കളാണ്.
content highlights: parassala ponnammal passed away
Published: 22 Jun 2021, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented