തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ വനംവകുപ്പിനെതിരെ ആരോപണവുമായി പാറമേക്കാവ് ദേവസ്വം പ്രസിഡന്റ്
ജി. രാജേഷ്. വനംവകുപ്പാണ് ഇതിന്റെ പിന്നിൽ‌ ഏറ്റവും വലിയകളി നടത്തുന്നത്. യഥാർഥ കുറ്റക്കാർ പിന്നിൽനിന്നു ചിരിക്കുകയാണെന്നും അദ്ദേഹം
പറഞ്ഞു. 

To advertise here,

ഈ ഒരു കൊല്ലം മാത്രമല്ല ഈ പ്രശ്നങ്ങളുണ്ടായിട്ടുള്ളത്. കഴിഞ്ഞ 7,8 കൊല്ലമായി പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ട്. വനംവകുപ്പാണ് ഇതിന് പിന്നിലുള്ളത്. ഫോറസ്റ്റ് ജി.പി. നാ​ഗരാജ് നാരായണന്റെ  സഹായത്തോടെ പൂരം തകർക്കാൻ ശ്രമിക്കുന്നു. എൻ.ജി.ഒകളും ഇതിന് ഒപ്പംനിൽക്കുന്നു.

ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണം. ജുഡീഷ്യല്‍ അന്വേഷണംകൊണ്ട് കാര്യമില്ല. ഇതിന് പിന്നിലുള്ള നാ​ഗരാജ് നാരായണന് സ്വന്തമായി ലോ കോളേജുണ്ട്. അവർക്ക് ജുഡീഷ്യറിയിൽ സ്വാധീനമുണ്ട്. 

നാ​ഗരാജ് നാരായണനെ ജി.പി. സ്ഥാനത്ത് നിന്നും മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്.

ഒരു അങ്കിത് അശോകനേയോ എ.ഡി.ജി.പി.യോ പറഞ്ഞിട്ട് കാര്യമില്ല. യഥാർഥ കുറ്റക്കാർ ഇപ്പോൾ പിന്നിൽ നിന്നും ചിരിക്കുകയാണ്.  അവരെ ഇപ്പോഴും സംരക്ഷിക്കുകയാണ്. ഇത് ആരാണെന്ന് കണ്ടെത്തുന്നതിന് സി.ബി.ഐ. അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ശനിയാഴ്ച രാത്രിയാണ് തൃശ്ശൂർ പൂരം അലങ്കോലമായ സംഭവത്തിലെ അന്വേഷണറിപ്പോർട്ട് എ.ഡി.ജി.പി. അജിത്കുമാർ ഡി.ജി.പി.ക്ക് സമർപ്പിച്ചത്. പൂരം അലങ്കോലമായ സംഭവത്തിൽ ​ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.