
ഉപ്പുതറ (ഇടുക്കി): മുല്ലപ്പെരിയാർ ഡാം കമ്മിഷൻ ചെയ്തിട്ട് ഒക്ടോബർ 10-ന് 129 വർഷം. മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വതപരിഹാരം തേടി സംസ്ഥാനത്തെ 129 കേന്ദ്രങ്ങളിൽ സമരസമിതിയുെട നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് ആറിന് മെഴുകുതിരികൾ കത്തിക്കും. മുല്ലപ്പെരിയാർ പ്രക്ഷോഭത്തിന്റെ പ്രധാന സമരകേന്ദ്രങ്ങളായ ഉപ്പുതറയിലും, ചപ്പാത്തിലും പ്രവർത്തകർ അണിചേരും.
മറ്റു കേന്ദ്രങ്ങളിൽ സമാനചിന്തയിൽ പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകളുമായി ചേർന്നാണ് ജ്വാല തെളിയിക്കുന്നതെന്ന് സമരസമിതി ഭാരവാഹികളായ ഷാജി പി.ജോസഫ്, സിബി മൂത്തുമാക്കുഴി, അഡ്വ. സ്റ്റീഫൻ ഐസക്, പി.ഡി. ജോസഫ് എന്നിവർ അറിയിച്ചു.
സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതിയും വിവിധകേന്ദ്രങ്ങളിൽ പ്രതീക്ഷാജ്വാല തെളിയിക്കും. മത,സാമുദായിക, സാമൂഹിക സംഘടനാപ്രതിനിധികൾ പങ്കെടുക്കും.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും, തമിഴ്നാടുമായി സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.
സുർക്കി മിശ്രിതം ഉപയോഗിച്ച് 1895-ൽ ബ്രിട്ടീഷ് എൻജിനീയറായ കേണൽ പെന്നി ക്യുക്കിന്റെ നേതൃത്വത്തിലാണ് ഡാം നിർമിച്ചത്. തമിഴ്നാട്ടിലെ മധുര, രാമനാഥപുരം, തേനി, ഡിണ്ടിഗൽ, ശിവഗംഗ ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ഇത് ഉപകരിക്കുന്നു.
അക്കാലത്ത് അഞ്ച് ഡാം ഉണ്ടായിരുന്ന തമിഴ്‌നാട്ടിൽ ഇപ്പോൾ ചെറുതും വലുതുമായ 84 ഡാമുകളുണ്ട്. ഇതിൽ മുല്ലപ്പെരിയാർ ജലസേചന പരിധിയിലെ മധുര റീജണിൽ 27 ഡാമുകളുണ്ട്. ഈ ഡാമുകളിൽ പരമാവധി വെള്ളം ശേഖരിക്കാൻ കഴിഞ്ഞാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയിൽ ക്രമീകരിക്കാൻകഴിയും.
എന്നാൽ ഈ ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ കേരളത്തിന് കഴിയുന്നില്ലെന്നും, ആവശ്യം അംഗീകരിക്കാൻ തമിഴ്നാട് തയ്യാറാകുന്നില്ലെന്നുമാണ് സമരസമിതിയുടെ പരാതി. 50 വർഷം കാലാവധി നിശ്ചയിച്ച് നിർമിച്ച ഡാം വീണ്ടും 79 വർഷംകൂടി പിന്നിട്ടു.
Content Highlights: 129 Years of Mullaperiyar Dam
Published: 10 Oct 2024, 07:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented