
പത്തനംതിട്ട: പമ്പ ആഗോള അയ്യപ്പസംഗമത്തിൽ നന്ദഗോവിന്ദം ഭജൻസിന് എട്ടുലക്ഷം രൂപ നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പിശകാണെന്ന് ദേവസ്വംബോർഡ് സമ്മതിച്ചു. നന്ദഗോവിന്ദത്തിന് പകരമെത്തിയ ഇഷാൻദേവിന്റെ ട്രൂപ്പിനാണ് എട്ടുലക്ഷം കൊടുത്തതെന്നാണ് വിശദീകരണം.
അതേസമയം, ഒന്നരമണിക്കൂർ പരിപാടിക്ക് ഇത്രയധികം ചെലവോയെന്ന ചോദ്യത്തിന് ഉത്തരമില്ല. പരിപാടിയിൽ പങ്കെടുക്കാതിരുന്ന നന്ദഗോവിന്ദം ഭജൻസിന് എട്ടുലക്ഷം കൊടുത്തതായുള്ള ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് കഴിഞ്ഞദിവസം ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നന്ദഗോവിന്ദം ഭജൻസിന് സംഗമം നടന്ന സെപ്റ്റംബർ 20-ന് മറ്റു പരിപാടി ഉണ്ടായിരുന്നതിനാലാണ് ഗായകൻ ഇഷാൻദേവിനെ സമീപിച്ചത്. ചുരുങ്ങിയ സമയംകൊണ്ട് കലാകാരന്മാരും സാങ്കേതികവിദഗ്ധരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത പരിപാടിക്ക് അഞ്ചുദിവസത്തെ റിഹേഴ്സൽ വേണ്ടിവന്നു. താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി എട്ടുലക്ഷം രൂപയായായെന്നാണ് വിശദീകരണം.
ഒരു ലക്ഷത്തിന്റെ കട്ടിലും ‘ശരിയാക്കാൻ’ ശ്രമം
ദേവസ്വം മരാമത്ത് കോംപ്ലക്സിലേക്ക് ഒരുലക്ഷം രൂപയുടെ കട്ടിൽ വാങ്ങിയതിനെ ന്യായീകരിക്കാനുള്ള ശ്രമവും ദേവസ്വം നടത്തുന്നുണ്ട്. മുഖ്യമന്ത്രി തങ്ങിയ മുറിയിലേക്ക് വാങ്ങിയ കട്ടിലാണിത്. മരാമത്ത് ഗസ്റ്റഹൗസിലേക്ക് നേരത്തേ വാങ്ങാൻ തീരുമാനിച്ചിരുന്നതാണിതെന്നും അതിന് 3,83,439 രൂപ വകയിരുത്തിയിരുന്നുവെന്നുംമാണ് വിശദീകരണം.
ബോർഡ് പരിഗണിക്കാതെ ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിലെത്തി
തിരുവനന്തപുരത്തെ വിജയൻ ആൻഡ് അസോസിയേറ്റ്സ് ഓഡിറ്റ്ചെയ്ത കണക്ക് ദേവസ്വംബോർഡ് യോഗത്തിന്റെ പരിഗണനയിൽ വന്നിട്ടില്ലെന്ന് പ്രസ്താവനയിൽ സമ്മതിക്കുന്നു. നേരേ ഹൈക്കോടതിയിൽ കൊടുക്കുകയായിരുന്നു. കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാലാണ് ഓഡിറ്റ് റിപ്പോർട്ട് വിശദപരിശോധനയ്ക്കുമുൻപ് നൽകിയത്. ന്യൂനത പരിഹരിക്കാൻ തുടർനടപടിയുണ്ടാകും.
അയ്യപ്പസംഗമത്തിന് ധനലക്ഷ്മിബാങ്ക് രണ്ടുകോടി രൂപയും കേരളബാങ്ക് ഒരുകോടിയും നൽകിയെന്ന് ദേവസ്വം അറിയിച്ചു. എന്നാൽ ഓഡിറ്റ് ചെയ്ത കണക്കുപ്രകാരം കേരളബാങ്ക് നൽകിയിരിക്കുന്നത് 84,74,576 രൂപയാണ്. അദാനി ഗ്രൂപ്പ് ഒരുകോടിരൂപ തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബോർഡ് പറയുന്നു.
Content Highlights: Devaswom Board clarifies Pamba Ayyappa Sangamam fund allocation, admitting an error in the audit report regarding Nandagovindam Bhajans. Learn more about the expenses and clarifications.
Published: 15 Feb 2026, 07:25 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented