തിരുവനന്തപുരം: വിവാദ പ്രസ്താവനകളിൽ സിപിഎം നേതാവ് എ.കെ. ബാലനെയും മന്ത്രി സജി ചെറിയാനേയും തള്ളി മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. സജി ചെറിയാൻ അത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ പാലോളി മുഹമ്മദ് കുട്ടി എ.കെ. ബാലൻ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി നിരുപാധികം സിപിഎമ്മിന് പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

സജി ചെറിയാനോട് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ടത് പാർട്ടിയല്ലേ. പ്രസ്താവന പാടില്ലാത്തതാണ്. പക്ഷേ നിർഭാഗ്യവശാലതുണ്ടായെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. എ.കെ. ബാലൻ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എ.കെ. ബാലൻ പറഞ്ഞതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയതാണ്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. - അദ്ദേഹം പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളി നടേശൻ പറഞ്ഞ ചില കാര്യങ്ങൾ പാർട്ടി അംഗീകരിക്കുന്നതായും പാലോളി പ്രതികരിച്ചു. ചില കാര്യങ്ങളോട് യോജിക്കാൻ കഴിയില്ല. വെള്ളാപ്പള്ളി മലപ്പുറത്തെ അല്ല മുസ്ലിം ലീഗിനെയാണ് ആക്ഷേപിച്ചത് - പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി നിരുപാധികം സിപിഎമ്മിന് പിന്തുണ നൽകിയിട്ടുണ്ടെന്നും എന്നാൽ സിപിഎം അത്തരം പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഗീയധ്രുവീകരണമുണ്ടോയെന്ന് അറിയാൻ മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നും ഇതാർക്കും മനസ്സിലാകില്ലെന്ന് കരുതരുതെന്നുമുള്ള സജി ചെറിയാന്റെ പ്രസ്താവനയാണ് നേരത്തേ വിവാദത്തിലായത്. പരാമർശം വൻ വിവാദമായതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. വിശദീകരണ കുറിപ്പ് ഇറക്കിയാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും പ്രസ്താവനയിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിൻവലിക്കുന്നതായും സജി ചെറിയാൻ വ്യക്തമാക്കി. പരാമർശത്തിൽ സജി ചെറിയാനെ സിപിഎം പിന്തുണച്ചിരുന്നില്ല. ഇടതുമുന്നണിയെ ബാധിക്കുന്ന പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വികാരം സിപിഎമ്മിനുള്ളിൽ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് ഖേദപ്രകടനം.

യുഡിഎഫ് അധികാരത്തിൽവന്നാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമാണ് മുതിർന്നനേതാവ് എ.കെ. ബാലൻ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ബാലനെ പിന്തുണച്ചപ്പോൾ, പ്രസ്താവന അസംബന്ധമാണെന്ന വിരുദ്ധനിലപാടാണ് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെടുത്തത്. വർഗീയ ശക്തികൾ അധികാരത്തിൽ വന്നാലുണ്ടാകുന്ന, അവരുടെ സ്വാധീനത്തിൽ ഒരു സർക്കാർ അധികാരത്തിൽ വന്നാൽ ഉണ്ടാകുന്ന ആപത്തിനെ സംബന്ധിച്ച് ഒരു പൊതുപ്രവർത്തകൻ പൊതുസമൂഹത്തിന് മുന്നിൽ പ്രകടിപ്പിക്കുന്ന ആശങ്കയ്ക്കപ്പുറം താൻ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വിഷയത്തിൽ ബാലന്റെ വിശദീകരണം.