പാലിയേക്കര (തൃശ്ശൂർ): ടോൾപ്ലാസയിൽ ശനിയാഴ്ച മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു.

To advertise here,

ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യസർവീസുകളും നൂറുകണക്കിന് വാഹനങ്ങളും ടോൾപ്ലാസയിൽ കുടുങ്ങിയതോടെയാണ് എൽഡിഎഫ് നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധവുമായെത്തിയത്. ടോൾപ്ലാസയുടെ ഇരുവശങ്ങളിലും വാഹനനിര കിലോമീറ്റർ പിന്നിട്ടിട്ടും വാഹനങ്ങൾ കടത്തിവിടാൻ അധികൃതർ നടപടിയെടുത്തില്ലെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു.

പ്രകടനമായെത്തിയ പ്രവർത്തകർ എല്ലാ ബൂത്തുകളും തുറന്ന് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. അരമണിക്കൂറിലേറെ വാഹനങ്ങൾ കടത്തിവിട്ട ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

സിപിഎം ഒല്ലൂർ ഏരിയ സെക്രട്ടറി എൻ.എൻ. ദിവാകരൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. തലോർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ.ജി. ഷൈജു അധ്യക്ഷത വഹിച്ചു. സിപിഎം ഒല്ലൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എ. സുരേഷ്, കെ.എം. വാസുദേവൻ, നെന്മണിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ വി.ടി. വിജയലക്ഷ്മി, ഡിവൈഎഫ്ഐ ഒല്ലൂർ ബ്ലോക്ക് ട്രഷറർ ടി.എസ്. വിഷ്ണു,കെ.ജി. ഗോകുൽ, സിപിഎം ബ്രാഞ്ച് സെക്രട്ടറി എം.കെ. സന്തോഷ്, സിപിഐ നെന്മണിക്കര ലോക്കൽ കമ്മിറ്റി അംഗം സുധ രാജേഷ് എന്നിവർ പ്രസംഗിച്ചു.