പാലക്കാട്: എലപ്പുള്ളിയിലെ വിവാദ കമ്പനിക്ക് വെള്ളം എടുക്കാൻ അനുമതി നൽകി സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത്. കമ്പനിയുടെ കെട്ടിട നിർമാണത്തിനാണ് വാളയാർ, കോരയാർ പുഴകളിൽനിന്ന് വെളളം എടുക്കാൻ ഗ്രാമ പഞ്ചായത്ത് അനുമതി നൽകിയത്. പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധം വകവെക്കാതെയാണ് പുതുശ്ശേരി പഞ്ചായത്ത് ഭരണസമിതി രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ അനുമതി പാസ്സാക്കിയത്.

To advertise here,

ഈ മാസം 17-നാണ് വെള്ളം എടുക്കാൻ അനുമതി തേടി ഒയാസിസ് കമ്പനി പഞ്ചായത്തിൽ അപേക്ഷ നൽകിയത്. അജണ്ടയിൽ ഉൾപ്പെടുത്താതെയാണ് പഞ്ചായത്ത് വിഷയം യോഗത്തിൽ ചർച്ചയ്ക്കുവെച്ചത്. പുഴയിൽനിന്ന് വെള്ളം എടുക്കുന്നത് കൃഷിയേയോ കുടിവെള്ളത്തേയോ ബാധിക്കില്ലെന്നും വ്യവസായത്തിന് പിന്തുണ നൽകുന്നതാണ് തീരുമാനമെന്നുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദം. അനുമതിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ് അംഗങ്ങളുടെ തീരുമാനം. ‌

സർക്കാരും സിപിഎമ്മും മദ്യക്കമ്പനിക്കായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. എല്ലാ ഓഫീസുകളിലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയുമാണ് സർക്കാർ പ്ലാന്റുമായി മുന്നോട്ട് പോകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.

ഹൈക്കോടതിയെ സമീപിക്കാൻ എലപ്പുള്ളി പഞ്ചായത്ത്
ഒയാസിസ് മദ്യക്കമ്പനിക്ക് അനുമതി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എലപ്പുള്ളി പഞ്ചായത്ത് തീരുമാനിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒയാസിസ് കമ്പനിക്കെതിരെ അജണ്ട പാസ്സാക്കാൻ ഭരണ സമിതി യോഗം ചേർന്നത്. ഒയാസിസ് കമ്പനിക്കെതിരെ ഹൈക്കോടതിയെ തീരുമാനിക്കാനുള്ള അജണ്ട യോഗത്തിൽ പാസ്സാക്കി. മുഴുവൻ കോൺഗ്രസ്, ബിജെപി അംഗങ്ങളുടേയും പിന്തുണയോടെയാണ് അജണ്ട പാസ്സാക്കിയത്.

സർക്കാരിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതോടെ പ്രതിഷേധം ഉയർന്നു. നിയമനടപടിക്ക് പഞ്ചായത്തിന്റെ പണം ചെലവഴിക്കാൻ കഴിയില്ലെങ്കിൽ വ്യക്തികൾ പണം ചെലവഴിക്കുമെന്ന് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.

ഇന്നലെ നടത്താൻ തീരുമാനിച്ച യോഗം സിപിഎം പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയിരുന്നു.