പാലക്കാട്: മഴയുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് അവധി ചോദിച്ച് വിളിക്കുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി പാലക്കാട് ജില്ലാ കളക്ടര്‍. അവധി നല്‍കാന്‍ തീരുമാനമെടുത്താല്‍ മാധ്യമങ്ങള്‍ വഴി അറിയിക്കുമെന്നും ഡോ. എസ്. ചിത്ര ഐ.എ.എസ്. ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

To advertise here,

'ഏതു സമൂഹത്തിലും സ്വതന്ത്രമായി തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ടാവുക എന്നത് വളര്‍ച്ചയുടെ ലക്ഷണമാണ്. പ്രത്യേകിച്ച് ഒരു ജനാധിപത്യ സംവിധാനത്തില്‍. നിങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ നിങ്ങളുടെ ചെറിയ ആവശ്യങ്ങള്‍ അവസരോചിതമായി ഉന്നയിക്കുന്നത് കാണുക എന്നത് സന്തോഷം നല്‍കുന്ന അനുഭവമാണ്', എന്ന മുഖവുരയോടെയായിരുന്നു കളക്ടര്‍ കുറിപ്പ് ആരംഭിച്ചത്. തുടര്‍ന്ന് അവധി നല്‍കാന്‍ തീരുമാനിക്കുന്ന നടപടിക്രമങ്ങളടക്കം വിശദീകരിച്ചായിരുന്നു പോസ്റ്റ്.

ജില്ലാ കളക്ടറുടെ കുറിപ്പ്:
പ്രിയപ്പെട്ട കുട്ടികളെ, 
ഏതു സമൂഹത്തിലും സ്വതന്ത്രമായി തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ടാവുക എന്നത് വളര്‍ച്ചയുടെ ലക്ഷണമാണ്. പ്രത്യേകിച്ച് ഒരു ജനാധിപത്യ സംവിധാനത്തില്‍. നിങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ നിങ്ങളുടെ ചെറിയ ആവശ്യങ്ങള്‍ അവസരോചിതമായി ഉന്നയിക്കുന്നത് കാണുക എന്നത് സന്തോഷം നല്‍കുന്ന അനുഭവമാണ്.

മഴക്കെടുതികള്‍ കാരണം വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുന്നതിനു മുന്‍പ് കാലാവസ്ഥ വകുപ്പിന്റെ അലര്‍ട്ട് മാത്രമല്ല തഹസില്‍ദാര്‍മാര്‍ വഴി ഓരോ താലൂക്കിലെയും അന്നേദിവസത്തെ മഴയുടെ അവസ്ഥയും പാലങ്ങളുടെയും നിലംപതി പാലങ്ങളുടെയും അപകടാവസ്ഥയും  പുഴകളിലെ ജലനിരപ്പും വെള്ളക്കെട്ടിന്റെ അവസ്ഥയും മറ്റും അന്വേഷിച്ച് നിങ്ങളുടെ സുരക്ഷയ്ക്ക് തടസ്സമുണ്ടാക്കിയേക്കാവുന്ന എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് അവധി നല്‍കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത്.

മഴക്കാലം ആരംഭിച്ച് കഴിഞ്ഞാല്‍ ഓരോ ദിവസവും നൂറുകണക്കിന് കോളുകളാണ് അവധി ചോദിച്ചു കൊണ്ട് കളക്ടറുടെ ഒഫീഷ്യല്‍ മൊബൈല്‍ ഫോണിലേക്ക് വരുന്നത്. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ ഏതെങ്കിലും മഴക്കെടുതി സംബന്ധിച്ച് ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ വിളിക്കുന്ന സമയത്തായിരിക്കും കളക്ടര്‍ക്കോ  കൂടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കോ വിദ്യാര്‍ത്ഥികളുടെ അവധി ചോദിച്ചുള്ള കോളുകള്‍ എടുക്കേണ്ടി വരുന്നത്. ഇത് വലിയ രീതിയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

നിങ്ങള്‍ അവധി ആവശ്യപ്പെട്ട് വിളിച്ചാലും ഇല്ലെങ്കിലും സുരക്ഷ സംബന്ധിച്ച് മുന്‍കരുതലുകള്‍ എടുക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്. അവധി നല്‍കാന്‍ തീരുമാനമെടുത്താല്‍ പത്രമാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും വിവരം നിമിഷങ്ങള്‍ക്കകം നിങ്ങളിലേക്ക് എത്തും. ഒഫീഷ്യല്‍ മൊബൈല്‍ ഫോണില്‍ അവധി ചോദിച്ച് വിളിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. രക്ഷിതാക്കളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.