പാലക്കാട്: മൂന്നാംതവണയും ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി പാലക്കാട് നഗരസഭയിൽ ഏറെക്കുറെ ഭരണമുറപ്പിച്ച ബിജെപി, അധ്യക്ഷസ്ഥാനത്തിനായി ആഭ്യന്തരചർച്ച സജീവമാക്കി. ആഭ്യന്തരകലഹം രൂക്ഷമായ പാലക്കാട് ബിജെപിയിൽ അധ്യക്ഷനെ കണ്ടെത്തുന്നത് നേതൃത്വത്തിന് വെല്ലുവിളിയാണ്. സംഘടനാ തിരഞ്ഞെടുപ്പിനുശേഷം ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞതോടെ അധ്യക്ഷനെ തീരുമാനിക്കുന്നതിലും ഭിന്നാഭിപ്രായമുണ്ടെന്നാണ് വിവരം.
ബിജെപിയിൽ നഗരസഭകളിലെ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് സംസ്ഥാന നേതൃത്വമാണ്. ഇതിനാൽ ജില്ലയ്ക്ക് പുറത്തുള്ള സംസ്ഥാന ഭാരവാഹിയുടെ നേതൃത്വത്തിൽ അഭിപ്രായരൂപവത്‌കരണത്തിനുശേഷമാണ് സാധ്യതാപട്ടിക തയ്യാറാക്കുന്നത്. കൗൺസിൽ അംഗങ്ങൾക്കാണ് അധ്യക്ഷനെ നിർദേശിക്കുന്നതിന് ആദ്യ പരിഗണന നൽകുന്നത്. അഭിപ്രായംതേടലും പൂർത്തിയാക്കിയെന്നാണ് സൂചന. മുൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനും നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയുമായ പി. സ്‌മിതേഷിന്റെ പേര് സജീവമാണ്. ജില്ലാ ഭാരവാഹി, സംഘടനാപ്രവർത്തന മികവ്, കൗൺസിലിൽ അനുഭവ സമ്പത്ത് എന്നിവയാണ് സ്‌മിതേഷിനെ പരിഗണിക്കുന്നതിന് പ്രധാന ഘടകമായിട്ടുള്ളത്. സംഘടനാ ഭാരവാഹിത്വത്തിനുപുറമേ പ്രവർത്തകരുമായുള്ള അടുപ്പവും സ്‌മിതേഷിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. കൗൺസിലിലും സംഘടനാതലത്തിലും അനുഭവ സമ്പത്തുകൊണ്ട് മുൻ ഉപാധ്യക്ഷൻ ഇ. കൃഷ്ണദാസിനെയും പരിഗണിച്ചേക്കാം. സംസ്ഥാന നേതൃത്വത്തിൽ കൃഷ്ണദാസിനും സ്വാധീനമുണ്ട്. മത്സരിക്കാനില്ലെന്ന് പറയുമ്പോഴും നിർദേശം ലഭിച്ചാൽ ഇ. കൃഷ്ണദാസിന് ഒഴിഞ്ഞുമാറാനാവില്ല.
ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിക്ക് താത്പര്യം മണ്ഡലം പ്രസിഡന്റ് എം. ശശികുമാറിനോടാണ്. കൗൺസിലിലെ അനുഭവസമ്പത്ത്, കോൺഗ്രസ് നേതാവ് പി.വി. രാജേഷിനെതിരെയുള്ള വിജയം, സംഘടനാ ഭാരവാഹിത്വത്തിലെയും സ്ഥാനാർഥിത്വങ്ങളിലെയും മുൻപരിചയം എന്നിവ ശശികുമാറിന് മുതൽക്കൂട്ടാണ്. ജില്ലാ ഐടി കൺവീനർ എം. സുനിലിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന്റെ ശക്തനായ അനുകൂലിയാണ് എം. സുനിൽ.
ഉപാധ്യക്ഷ സ്ഥാനത്തേക്ക് മിനി കൃഷ്ണകുമാർ, ടി.എസ്. മീനാക്ഷി, ടി. ബേബി തുടങ്ങിയവരുടെ പേരുകൾ സജീവമാണ്. ഇതിനുപുറമേ പാർട്ടി മണ്ഡലംചുമതലയുള്ള കൗൺസിലിലെ പ്രായംകുറഞ്ഞ വനിതയെയും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇതിനിടെ അപ്രതീക്ഷിതനീക്കം ഉണ്ടാകുമോയെന്ന ആശങ്കയും എല്ലാവർക്കുമുണ്ട്.
Content Highlights: BJP in Palakkad Municipality faces internal challenges selecting its mayor. Discover the key contenders and the political dynamics shaping the decision. Read on for updates
Published: 22 Dec 2025, 07:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented