പാലാ: ആറ്റുനോറ്റ് യു.ഡി.എഫും സ്വതന്ത്രകൂട്ടായ്മയും കോൺഗ്രസ് വിമതരും ചേർന്ന് തുടക്കമിട്ട ഭരണത്തിന് അന്ത്യംകുറിച്ചത് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾ.

To advertise here,

കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് കെട്ടിടത്തിന് പിന്നിലുള്ള സ്ഥലത്ത് ഓട്ടോ സ്റ്റാൻഡ് അനുമതിയില്ലാതെ തുടങ്ങിയതിനെച്ചൊല്ലിയാണ് വിവാദങ്ങൾ തുടങ്ങിയത്. ഇവിടെ ഓട്ടോ സ്റ്റാൻഡ് തുടങ്ങിയപ്പോൾ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് പിന്തുണച്ചത് സ്വതന്ത്ര മുന്നണി അംഗങ്ങളെ പ്രകോപിപ്പിച്ചു.

വീഴ്ചയുടെ വഴികൾ

• ഈ ഭിന്നതകൾക്കിടെ നടന്ന യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗത്തിൽ സ്വതന്ത്രകൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും ചേർന്ന് മർദിച്ചതായി ബിജു മാത്യൂസ് പോലീസിൽ പരാതി നൽകി. കോൺഗ്രസ് അംഗത്തെ പിന്തുണച്ച് പ്രതിപക്ഷമായ എൽ.ഡി.എഫും കോൺഗ്രസിന്റെ പ്രമുഖ നേതാവും രംഗത്തെത്തി. കോൺഗ്രസ് കൗൺസിലറെ കയ്യേറ്റംചെയ്തെന്ന പരാതി അടിസ്ഥാനരഹിതമെന്ന് സ്വതന്ത്രകൂട്ടായ്മ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും വാദിച്ചു. കോൺഗ്രസ് കൗൺസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണവും തുടങ്ങി.

• നഗരസഭാധ്യക്ഷയുടെ മുറിയിലെ ഫയലുകൾ മോഷ്ടിച്ചെന്ന് ബിജു മാത്യൂസിനെതിരെ നഗരസഭാധ്യക്ഷ പോലീസിൽ പരാതി നൽകി. നഗരസഭാധ്യക്ഷയുടെ മുറിയിലെ പ്രധാനപ്പെട്ട ഫയലുകൾ എടുത്തുകൊണ്ടുപോയെന്നാണ് പരാതി. ബിജു മാത്യൂസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാധ്യക്ഷയുടെ മുറിയിൽ പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തോടൊപ്പം വന്നാണ് ഫയലുകൾ കവർന്നതെന്നായിരുന്നു പരാതി. ഇത് കള്ളക്കേസാണെന്ന് ബിജു മാത്യൂസും വാദിച്ചു. ഇതോടെ ഭരണമുന്നണിയിലെ പ്രതിസന്ധി രൂക്ഷമായി.

• കോൺഗ്രസിലെ ഒരു വിഭാഗം ബിജു മാത്യൂസിനെ പിന്തുണച്ച് രംഗത്തെത്തി. സ്വതന്ത്രകൂട്ടായ്മയിലെ അംഗങ്ങളായ ബിജു പുളിക്കക്കണ്ടം, ബിനു പുളിക്കക്കണ്ടം, നഗരസഭാധ്യക്ഷകൂടിയായ ബിനാ ബിനു എന്നിവർ ടി. യു.ഡി.എഫ്. വാട്സാപ്പ് കൂട്ടായ്മയിൽനിന്ന് ഇറങ്ങി പ്രതിഷേധിച്ചു. കോൺഗ്രസ് ജില്ലാ നേതൃത്വം നിരവധി ദിവസത്തെ ചർച്ചകൾക്കുശേഷമാണ് ഈ തർക്കം പരിഹരിച്ചത്.

• ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് നഗരസഭ അനുവദിച്ചത് വീണ്ടും തർക്കത്തിന് കാരണമായി. സമ്മേളനത്തിന് ബസ് സ്റ്റാൻഡ് മൈതാനം അനുവദിക്കേണ്ട സാഹചര്യത്തിലെക്കെത്തിച്ചത് സ്വതന്ത്ര കൂട്ടായ്മ സി.പി.എമ്മുമായി ചേർന്ന് നടത്തിയ ഗൂഢാലോചന മൂലമാണെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. നഗരസഭാധ്യക്ഷയിൽ വിശ്വാസമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ മുന്നണി ബന്ധങ്ങൾ ഉലഞ്ഞു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ഇതിന് പിന്തുണയുമായി രംഗത്തെത്തി. ഇത്തവണ പ്രശ്‌നങ്ങൾപരിഹരിക്കാൻ യുഡിഎഫോ കോൺഗ്രസ് നേതൃത്വമോ ശ്രമിച്ചില്ല.

വിചിത്ര അവിശ്വാസം മുമ്പും

വിചിത്രമായ അവിശ്വാസപ്രമേയങ്ങൾക്ക് പാലാ നഗരസഭ മുമ്പും സാക്ഷ്യംവഹിച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 14-ന് എൽ.ഡി.എഫ്. ഭരണത്തിൽ ചെയർമാൻ ഷാജു തുരുത്തൻ പുറത്തായത് വ്യത്യസ്തമായ രീതിയിലായിരുന്നു. കേരള കോൺഗ്രസ് എം പ്രതിനിധിയായിരുന്നു ഷാജു തുരുത്തൻ. പ്രതിപക്ഷമായ യു.ഡി.എഫ്. അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും അവതരണവേളയിൽ വിട്ടുനിന്നു.

എന്നാൽ, പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്ത് ഇടതുപക്ഷം സ്വന്തം ചെയർമാനെ പുറത്താക്കുകയായിരുന്നു. ഇടതുമുന്നണിയിലെ ധാരണപ്രകാരം രാജി വെയ്ക്കാത്തതാണ് ഷാജു തുരുത്തനെതിരെയുള്ള അവിശ്വാസത്തെ ഇടതുപക്ഷം പിന്തുണയ്ക്കാൻ കാരണം.

ഷാജു തുരുത്തൻ രാജി വെയ്ക്കാത്തതുമൂലമുള്ള രാഷ്ട്രീയസാഹചര്യം മുതലെടുക്കാനാണ് യു.ഡി.എഫ്. അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഷാജു തുരുത്തൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. പരസ്യമായി പ്രസ്താവനയിറക്കുകയും അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.

അവിശ്വാസത്തിനുശേഷം രാജിവെയ്ക്കാമെന്ന് ഷാജു തുരുത്തൻ അറിയിച്ചെങ്കിലും പാർട്ടി നേതൃത്വം ഇത് വിശ്വസിച്ചില്ല. അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തുകയും ഷാജു രാജിവെയ്ക്കാൻ വിസമ്മതിക്കുകയും ചെയ്താൽ അവശേഷിക്കുന്ന ഭരണകാലയളവിൽ പുറത്താക്കാൻ സാധിക്കില്ലെന്ന നിയമപരമായ സാഹചര്യം കണക്കിലെടുത്താണ് ഇടതുപക്ഷം കർശന നിലപാടെടുത്തത്.

എന്നാൽ, അവിശ്വാസപ്രമേയം കൊണ്ടുവന്ന യു.ഡി.എഫ്. വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അന്ന് ഷാജു തുരുത്തൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്ത് അവിശ്വാസ പ്രമേയത്തിൽനിന്ന് വിട്ടുനിന്നുവെന്നാണ് അന്ന് യു.ഡി.എഫ്. അറിയിച്ചത്.