
കോട്ടയം: പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയം വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കോൺഗ്രസ് അംഗം ബിജു മാത്യൂസ്. കെപിസിസിയെയും കോൺഗ്രസ് നേതൃത്വത്തെയും പാലായിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നിൽക്കാത്ത ഭരണരീതിയായിരുന്നു നഗരസഭയിൽ ഉണ്ടായിരുന്നതെന്നും, കൊട്ടാരമറ്റം ഓട്ടോറിക്ഷാ സ്റ്റാൻഡുമായി ബന്ധപ്പെട്ട തർക്കങ്ങളും തനിക്കെതിരെ വന്ന മോണഷണക്കുറ്റം ഉൾപ്പെടെയുള്ള പരാതികളുമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദമായ വിപ്പ് നൽകലിനെക്കുറിച്ച് ബിജു മാത്യൂസ് തന്റെ നിലപാട് വ്യക്തമാക്കി. താൻ വിപ്പ് കണ്ടിട്ടില്ലെന്നും ശരിയായ രീതിയിൽ അത് നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. രാത്രി 10 മണിക്ക് ശേഷം വീടുകളിൽ വിപ്പ് ഒട്ടിച്ചു എന്ന പ്രചാരണം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, കനത്ത മഴയുള്ള സമയത്ത് ഇത്തരത്തിൽ വിപ്പ് നൽകുന്നത് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോഗ്യത വരാതിരിക്കാൻ വേണ്ടിയായിരിക്കാം ചിലപ്പോൾ ഇത്തരത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെ വിപ്പ് നൽകിയതെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
തങ്ങൾ പാർട്ടിയെ ധിക്കരിച്ചിട്ടില്ലെന്നാണ് ബിജു മാത്യൂസിന്റെ പക്ഷം. പാലാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിലവിലെ ഭരണസമിതിക്കെതിരെ നേരത്തെ തന്നെ പ്രമേയം പാസാക്കിയിരുന്നതായും മണ്ഡലം കമ്മിറ്റിയുടെ വികാരത്തിനനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. സത്യത്തിനും നീതിക്കും ഒപ്പമാണ് തങ്ങൾ നിലകൊള്ളുന്നത്. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ വേണ്ടിയാണ് അവിശ്വാസ പ്രമേയ സമയത്ത് മാറിനിന്നതെന്നും പാർട്ടിയോട് ഈ അവസരത്തിൽ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് കൗൺസിലർ ചെയർപേഴ്സൺ സ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ടെന്നും എന്നാൽ ഭാവി കാര്യങ്ങൾ മുൻകൂട്ടി പദ്ധതിയിടുന്നില്ലെന്നും ബിജു മാത്യൂസ് കൂട്ടിച്ചേർത്തു.
Content Highlights: Congress member Biju Mathews explains his stance on the Pala Municipality no-confidence motion and whip violation. R
Published: 21 Jul 2026, 01:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented