
പാലക്കാട്: കുടിവെള്ളം കച്ചവടച്ചരക്കല്ലെന്നും മൗലികാവകാശമാണെന്നും അതിനെ ആ രീതിയിൽ പ്രഖ്യാപിക്കേണ്ടതുണ്ടെന്നും മുതിർന്ന പത്രപ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ പി. സായ്‌നാഥ്. ജലത്തിനുവേണ്ടിയുള്ള സമരം ജീവിക്കാനുള്ള സമരംകൂടിയാണെന്ന് എം.പി. വീരേന്ദ്രകുമാർ പറയാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എം.പി. വീരേന്ദ്രകുമാറിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് എം.പി. വീരേന്ദ്രകുമാർ ഫൗണ്ടേഷൻ പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'വീരേന്ദ്രകുമാറും ജനകീയസമരങ്ങളും' സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മൈക്രോസോഫ്റ്റും ഗൂഗിളും മെറ്റയും ഉൾപ്പെടെയുള്ള വലിയ കമ്പനികൾ ഇന്ത്യയിൽ വലിയ ഡേറ്റാ സെന്ററുകൾ നിർമിക്കാൻപോകുകയാണ്. യു.എസ്.എ.പോലുള്ള പല രാജ്യങ്ങളിലും ജനങ്ങൾ ഡേറ്റാ സെന്ററുകളെ തുരത്തുന്ന കാലത്താണിത്. വൻതോതിൽ വെള്ളവും വൈദ്യുതിയും ആവശ്യമായി വരുന്നവയാണിവ. ദളിതരുടെയും മറ്റും ഭൂമിയാണ് ഇവയ്ക്കുവേണ്ടി കൈമാറുന്നത്.
കഴിഞ്ഞവർഷം രാജ്യത്തെ ഡേറ്റാ സെന്ററുകൾ 150 ബില്യൺ ലിറ്റർ വെള്ളം ഉപയോഗിച്ചു. 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകുമെന്നാണ് കണക്ക്. ലോക ജനസംഖ്യയുടെ 18 ശതമാനം ഇന്ത്യയിലാണ്. എന്നാൽ, നമുക്ക് േലാകത്തെ ശുദ്ധജലത്തിന്റെ നാലുശതമാനംമാത്രമേയുള്ളൂ.
സർക്കാർ കണക്കുപ്രകാരം ഇപ്പോൾത്തന്നെ ഇന്ത്യയിലെ 600 ദശലക്ഷംപേർ ജലദൗർലഭ്യം അനുഭവിക്കുന്നുണ്ട്. ജലം സ്വകാര്യവത്കരിക്കുന്നതിനെതിരേ യുറഗ്വായ് 2003-ൽ നിയമം പാസാക്കി. അവർക്കു പറ്റുമെങ്കിൽ അത് നമുക്കും പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജലസമരമായിരുന്നു പ്ലാച്ചിമടയിലേത്. പ്രാദേശികമായി നടന്ന ആഗോളപ്രാധാന്യമുള്ള സമരമായിരുന്നു അത്. ഇന്ന് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കവിഷയങ്ങളിൽ പ്രധാനപ്പെട്ടത് ജലമാണ്. അയൽരാജ്യങ്ങളുമായും ഇതുതന്നെ അവസ്ഥ -അദ്ദേഹം പറഞ്ഞു.
ലോകത്തെ വെള്ളത്തിന്റെ 90 ശതമാനവും പൊതുടാപ്പുകളിലൂടെയാണ് ആളുകൾക്കു ലഭിക്കുന്നത്. സ്വകാര്യവത്കരിച്ച ബാക്കി 10 ശതമാനത്തിലെ 80 ശതമാനവും രണ്ടു കമ്പനികളാണ് കൈകാര്യംചെയ്യുന്നത്. ആ കമ്പനികൾ ഇപ്പോൾ ഒന്നായി. നൂറുകണക്കിനു കോടി ഡോളറാണ് ഇവർ കൈകാര്യംചെയ്യുന്നത്. സ്വകാര്യകമ്പനികൾ 60 ശതമാനത്തോളം അധികവിലയാണ് കുടിവെള്ളത്തിന് ഈടാക്കുന്നത്.
കൃഷി നാണ്യവിളകളിലേക്കു മാറിയത് വെള്ളത്തിന്റെ വർധിച്ച ഉപയോഗത്തിനു കാരണമായി. മുംബൈയിൽ ഓരോ അപ്പാർട്ട്മെന്റിലും നീന്തൽക്കുളങ്ങളുള്ള അപ്പാർട്ട്മെന്റ് സമുച്ചയങ്ങളുടെ പരസ്യങ്ങൾ ഏറിവരുന്നു. നാട്ടുകാർക്ക് ജോലികിട്ടുമെന്ന വാദത്തിന്റെ മുകളിൽ പല ഗ്രാമങ്ങളിലും ജലം അമിതമായി ആവശ്യമുള്ള വിനോദകേന്ദ്രങ്ങൾ ഉയരുന്നു. എന്നാൽ, വിരലിലെണ്ണാവുന്ന തദ്ദേശീയർക്കുമാത്രമേ ഇവിടങ്ങളിൽ ജോലി ലഭിക്കുന്നുള്ളൂ. വയനാട്ടിൽവെച്ചാണ് ആദ്യം വീരേന്ദ്രകുമാറിനെ കാണുന്നത്. കർഷക ആത്മഹത്യകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ താൻ വയനാട്ടിൽ വന്നപ്പോഴായിരുന്നു അത്. അന്ന് തന്റെ ലേഖനങ്ങളെ അദ്ദേഹം അത്യധികം പ്രോത്സാഹിപ്പിച്ചു. ജലത്തിന്റെ ഭാവിയിലെ മൂല്യം വീരേന്ദ്രകുമാർ പണ്ടേ പറയുമായിരുന്നു. ഇന്ന് അതാണ് നമ്മൾ അനുഭവിക്കുന്നത് -സായ്‌നാഥ് പറഞ്ഞു.
ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗവും മുൻമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ സന്നിഹിതനായി.
Content Highlights: Water must be recognized as a fundamental human right, not a tradeable commodity., Data centers in India are consuming massive amounts of water, threatening local resources., The legacy of M.P. Veerendra Kumar in championing public struggles is re-examined., Privatization of water leads to exorbitant costs for citizens., India faces a critical water crisis with only 4% of global freshwater resources.
Published: 04 Jun 2026, 09:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented