കണ്ണൂര്‍: റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവിയായി തിരഞ്ഞെടുത്തത് രാഷ്ട്രീയമായ നിലപാട് സ്വീകരിക്കേണ്ട പ്രശ്നമല്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്. സര്‍ക്കാര്‍ തങ്ങള്‍ക്കു മുന്നിലെത്തിയ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുകയായിരുന്നു. ആ തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പില്‍ ആരോപണവിധേയനായിരുന്ന റവാഡ, 2012-ലാണ് കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നത്. ചുമതല നിര്‍വഹിക്കാന്‍ ആരാണ് യോഗ്യനെന്ന് സര്‍ക്കാര്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ചിരിക്കുകയാണെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയമായി നോക്കുമ്പോള്‍ പല പോലീസ് ഉദ്യോഗസ്ഥരും പല ഘട്ടങ്ങളിലും സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സഘടനകള്‍ക്കുമൊക്കെ എതിര്‍പ്പുയര്‍ത്തിയ നടപടികള്‍ കൈക്കൊണ്ടവരില്‍ ഉണ്ടാകാമെന്നും ജയരാജന് പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പിന്റെ കാര്യത്തില്‍ റവാഡ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ അന്ന് ആക്ഷേപം ഉന്നയിച്ചതാണ്. റവാഡ ഒറ്റയ്ക്കല്ല ഇവരെല്ലാം ചേര്‍ന്നുകൊണ്ടാണ് അന്നത്തെ ലാത്തിച്ചാര്‍ജിനും വെടിവെപ്പിനുമൊക്കെ ഇടയാക്കിയ സംഘര്‍ഷം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിവൈഎസ്പിയായാരുന്ന ഹക്കീം ബത്തേരിയുടെ നേതൃത്വത്തിലാണ് മന്ത്രി എം.വി. രാഘവൻ അന്ന് കണ്ണൂരില്‍നിന്ന് കൂത്തുപറമ്പിലെത്തിയത്. മന്ത്രി എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായതും പിന്നീട് വെടിവെപ്പുണ്ടായതും. അന്ന് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ ഒരാളാണ് റവാഡ ചന്ദ്രശേഖറെന്നും ജയരാജന് പറഞ്ഞു.
ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നിധിന് അഗര്‍വാളിനെതിരേ സിപിഎം നിയമപരമായി നീങ്ങിയതിനെകുറിച്ചും ജയരാജന് പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന ഏതാണ്ട് അതേകാലത്ത്, ആര്‍എസ്എസ്-സിപിഎം സംഘര്‍ഷമുണ്ടായ സമയത്ത് ഇപ്പോള്‍ പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായ എം. സുകുമാരനെ ലോക്കപ്പില്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായിരുന്നു നിധിന് അഗര്‍വാള്‍. തുടര്‍ന്ന് സുകുമാരന്‍ അദ്ദേഹത്തിനെതിരേ പരാതി നല്‍കിയിരുന്നു. അന്ന് അത്തരം നടപടികള്‍ക്കെതിരേ സിപിഎമ്മും മറ്റ് പ്രസ്ഥാനങ്ങളും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്, ജയരാജന് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള ഇത്തരം തീരുമാനങ്ങളെ സംബന്ധിച്ച് വിവാദങ്ങളുണ്ടാക്കുക എന്നത് വലതുപക്ഷ മാധ്യമങ്ങളുടെ സ്ഥിരം പരിപാടിയാണെന്നും ജയരാജന് വിമര്‍ശിച്ചു.
Content Highlights: p jayarajan on ravada chandrasekhar appoitment as dgp
Published: 30 Jun 2025, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented