ഉപ്പുതറ: അമ്മ കൊല്ലപ്പെടുകയും അച്ഛനെ കാണാതാകുകയും ചെയ്തതോടെ ജീവിതം വഴിമുട്ടി മൂന്ന് മക്കൾ. അനാഥത്വം മാത്രമല്ല ഇവരുടെ മുന്നിലെ ചോദ്യം. ഇനിയെങ്ങനെ പഠിക്കും, മുന്നോട്ട് എങ്ങനെ ജീവിക്കും. ഇതിനൊന്നും ഉത്തരം കണ്ടെത്താനാകാതെ വീർപ്പുമുട്ടി കഴിയുകയാണ് മത്തായിപ്പാറ മലേക്കാവിൽ രതീഷ്(സുബിൻ)-രജനി ദമ്പതിമാരുടെ മക്കളായ രേവതിയും രതിനും രാജീവും.
രജനി കൊലചെയ്യപ്പെട്ടതോടെ ഒറ്റദിവസംകൊണ്ടാണ് ഇവർ അനാഥരായത്. അച്ഛൻ ഒളിവിൽപോയി. സ്വന്തമെന്ന് പറയാൻ രജനിയുടെ രണ്ട് സഹോദരിമാരും അമ്മയും. രേവതി ബിരുദവിദ്യാർഥിയാണ്. രതിൻ പ്ലസ്ടു വിദ്യാർഥിയും രാജീവ് പത്താംക്ലാസ് വിദ്യാർഥിയുമാണ്. അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡ്ഡിലായിരുന്നു ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. പുല്ലുമേഞ്ഞ ഷെഡിനുമുകളിൽ പഴകിയ പടുത വലിച്ചുകെട്ടിയാണ് മഴയിൽനിന്ന് രക്ഷനേടുന്നത്. ലൈഫിൽ വീട് അനുവദിച്ചെങ്കിലും ബാക്കി നടപടികൾ ചെയ്യാൻ സുബിൻ തയ്യാറായില്ല.
സഹപാഠിക്കൊരു സ്നേഹസദനം പദ്ധതിയിൽ വീട് വച്ചുകൊടുക്കാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും സുബിൻ വഴങ്ങിയില്ല. അമ്മ ക്രൂരമായി കൊലചെയ്യപ്പെട്ട വീട് ഇവർക്ക് ഒരുവിധത്തിലും സുരക്ഷിതമല്ല. സുബിന്റെ ചേട്ടന് അടുത്ത് ചെറിയൊരു വീടുണ്ടെങ്കിലും അദ്ദേഹം കുമളിയിലാണ് താമസം. രജനിയുടെ രണ്ടു സഹോദരിമാരും വിവാഹിതരാണ്. ഇവർക്കും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക ഭദ്രതയുള്ളവരല്ല. ഇത്തരം സാഹചര്യത്തിലാണ് ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ ഈ കുട്ടികൾ പകച്ചുനിൽക്കുന്നത്.
നാട് നടുങ്ങിയ കൊലപാതകംവിശ്വസിക്കാനാകാതെ ബന്ധുക്കൾ
മത്തായിപ്പാറ മലേക്കാവിൽ രജനിയുടെ കൊലപാതകം വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും. ഭർത്താവ് രതീഷും (സുബിൻ) രജനിയുമായി വഴക്കിടാറുണ്ടെങ്കിലും ഇതൊന്നും ഒരു ക്രൂരമായ കൊലപാതകത്തിൽ കലാശിക്കുമെന്ന് ആരും കരുതിയിരുന്നില്ല. വീട്ടിലും പരസ്യമായും സുബിൻ രജനിയെ മർദിച്ചിരുന്നു.
വഴക്കിട്ട് രജനി പലപ്രാവശ്യം ചീന്തലാർ ഇഞ്ചിമല പുതുവലിലെ തറവാട്ടുവീട്ടിൽ പോകുമായിരുന്നു. ദിവസങ്ങൾക്കുശേഷം തിരിച്ചുവരും. പോലീസും ജനപ്രതിനിധികളും അയൽക്കാരും ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. അതിനിടെ രണ്ടുപ്രാവശ്യം സുബിൻ ആത്മഹത്യയ്ക്കുശ്രമിച്ചു. അപ്പോഴൊക്കെ ആരൊക്കെയോ കണ്ടതിനാൽ രക്ഷപ്പെടുത്തി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
ആ നിലയ്‌ക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത്ര ക്രൂരമായി രജനിയെ കൊലപ്പെടുത്തിയതാണ് ആർക്കും വിശ്വസിക്കാൻ കഴിയാത്തത്. 20 വർഷം ഒരുമിച്ചുജീവിച്ചു. മൂന്നു കുട്ടികളുണ്ട്. ഇതൊന്നും ഓർക്കാതെ എങ്ങനെയവന് ഇത്ര ക്രൂരമായി കൊലപ്പെടുത്താൻ കഴിഞ്ഞതെന്ന ചോദ്യമാണ് നാട്ടുകാരും ബന്ധുക്കളും ചോദിക്കുന്നത്.
ചൊവ്വാഴ്ച നാലോടെ വിവരം പുറത്തറിഞ്ഞതോടെ മലേക്കാവിൽ വീട്ടിലേക്ക് പ്രദേശവാസികൾ ഒഴുകിയെത്തി. പോലീസ് സ്ഥലത്തുവന്ന് വീടിനുള്ളിലേക്കുള്ള പ്രവേശനം വിലക്കിയിട്ടും രാത്രി വൈകിയും ആളുകൾ എത്തിക്കൊണ്ടിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകുംവരെ ആളുകൾ ഇവിടെ തടിച്ചുകൂടി.
സംസ്കാരം ചീന്തലാർ ഇഞ്ചിമലയിലെ തറവാട്ടുവീട്ടിലാണെന്ന് അറിഞ്ഞതോടെ അവിടേക്ക് ആളുകൾ പോയി. ഇഞ്ചിമല വീട്ടിലേക്ക് ബുധനാഴ്ച രാവിലെ മുതൽ ആളുകൾ എത്തിക്കൊണ്ടിരുന്നു. വൈകീട്ട് നാലോടെ വീടും പരിസരവും ആളുകളെ കൊണ്ട് നിറഞ്ഞു. മൃതദേഹം എത്തിയപ്പോൾ നിൽക്കാൻ പോലും ഇടമില്ലാതെ പലരും തിരിച്ചുപോയി.
രജനിയുടെ മക്കളുടെയും പ്രായമായ അമ്മയുടെയും സങ്കടം താങ്ങാൻ കഴിയാതെ പലരും വിങ്ങിപ്പൊട്ടി. സംസ്കാരം കഴിഞ്ഞ് ഏറെ വൈകിയും തറവാട് വീട്ടിൽനിന്ന് ആളൊഴിഞ്ഞില്ല.
Content Highlights: Three siblings are left orphaned after their mother`s brutal murder and father`s disappearance. They struggle with their future and education.
Published: 08 Jan 2026, 07:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented