
തിരുവനന്തപുരം: നീലപ്പെട്ടിയില്‍ തന്റെ പാതിയുടെ മിടിക്കുന്ന ഹൃദയവുമായി ഡോക്ടര്‍മാര്‍ നടന്നകലുമ്പോള്‍ നെഞ്ചിലെ വിങ്ങലിനൊപ്പം അവള്‍ അഭിമാനത്തോടെ നിന്നു. മണ്ണോടുചേരുന്ന ശരീരത്തില്‍നിന്ന് മറ്റൊരാള്‍ക്ക് ജീവനേകാനുള്ള നാന്‍സിയുടെ തീരുമാനം ഐസക്കിനോടുള്ള അടങ്ങാത്ത സ്‌നേഹംകൂടിയായിരുന്നു.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 28-കാരനിലേക്കാണ് ഹൃദയം തുന്നിച്ചേര്‍ക്കുന്നത്. മസ്തിഷ്‌കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക്ക് ജോര്‍ജിന്റെ അവയവദാനത്തിന് സമ്മതം നല്‍കിയ ഭാര്യ നാന്‍സി പറയുന്നു: ''എല്ലാവരെയും സഹായിക്കുന്ന മനസ്സിന്റെ ഉടമയായിരുന്നു. ആറുകുടുംബങ്ങള്‍ക്ക് പ്രതീക്ഷനല്‍കുന്ന നല്ലൊരു കാര്യത്തിന് കാരണമായെന്നതില്‍ സന്തോഷമുണ്ട്.''
കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്റ് ഹയാത്തിലെ ഹെലിപ്പാഡില്‍ വ്യാഴാഴ്ച 1.28 ഓടെയാണ് എയര്‍ ആംബുലന്‍സ് എത്തിയത്. 1.33-ഓടെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെ 29-ാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണിത്. ആംബുലന്‍സ് ഡ്രൈവര്‍ റോബിന്‍ നാലുമിനിറ്റുകൊണ്ടാണ് ഹൃദയം ഹയാത്തില്‍നിന്ന് ആശുപത്രിയിലെത്തിച്ചത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. ഹൃദയം സ്വീകരിക്കുന്ന അങ്കമാലി സ്വദേശി അജിന്‍ ഏലിയാസ് അഞ്ചുവര്‍ഷമായി ചികിത്സതേടുന്നുണ്ട്.

ഈ മാസം ആറിന് കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കില്‍വെച്ചാണ് അതിവേഗത്തിലെത്തിയ ബൈക്ക് കൊട്ടാരക്കര വടവോട് ചരുവിള ബഥേലില്‍ ഐസക്കിനെ (33) ഇടിച്ചുതെറിപ്പിച്ചത്. ഉടന്‍ കൊട്ടാരക്കരയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തലച്ചോറിലെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ചയായിരുന്നു മരണം. 12.30-ഓടെയാണ് ഹൃദയവുമായി ഡോക്ടര്‍മാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് പറന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്ടറിലാണ് ഹൃദയം കൊണ്ടുപോയത്.
ഐസക്കിന്റെ ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും നേത്രപടലങ്ങള്‍ തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയിലെയും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെയും രോഗികള്‍ക്ക് നല്‍കി. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു അവയവ കൈമാറ്റ നടപടി.
ഐസക് മരിക്കുന്നില്ല; ആറുപേരിലൂടെ ജീവിക്കും
കുന്നിക്കോട്: യുവ വ്യവസായി ഐസക് ജോര്‍ജിന്റെ ആകസ്മിക മരണം നാടിനെ സങ്കടപ്പെടുത്തുമ്പോഴും ആറുപേര്‍ക്ക് പുതുജീവിതമേകിയാണ് ആ യുവാവ് യാത്രയാകുന്നത്. തലവൂര്‍ വടകോട് ചരുവിള ബഥേല്‍വീട്ടില്‍ പരേതനായ സി.വൈ. ജോര്‍ജ്-ശാന്തമ്മ ദമ്പതിമാരുടെ മകന് അവിട്ടംനാളിലാണ് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.
കൊട്ടാരക്കര കിഴക്കേത്തെരുവ് ബ്ലൂം റസ്റ്ററന്റ് ഉടമയായ ഐസക് റസ്റ്ററന്റിനു മുന്നില്‍നിന്ന് റോഡ് കുറുകേ കടക്കവേയാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്തെ ആശുപത്രിയില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്തിയ ഐസക്കിന്റെ ഹൃദയം ഇനിമുതല്‍ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജിന്‍ എന്ന യുവാവിന്റെ ശരീരത്തില്‍ തുടിക്കും. കരള്‍, വൃക്കകള്‍, കണ്ണിന്റെ കോര്‍ണിയ എന്നിവയും മറ്റ് ജീവനുകളുമായി ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ കുടുംബത്തിന്റെ ജീവകാരുണ്യമനസ്സിനെ അഭിനന്ദിച്ചു.
തീരുമാനം മാതൃകാപരമാണെന്നുകാട്ടി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് സാമൂഹികമാധ്യമത്തില്‍ കുറിപ്പിടുകയും ചെയ്തു. ഡിവൈഎഫ്‌ഐ പത്തനാപുരം ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലെ വടകോട് യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു ഐസക്. െഎസക്കിന്റെ ഭാര്യ: നാന്‍സി മറിയം. മകള്‍: അമേലിയ നാന്‍സി ഐസക്. സഹോദരങ്ങള്‍: ജിജി സി.ജോര്‍ജ്, സിജി സി.ജോര്‍ജ്.
Content Highlights: Isaac George`s tragic death gives new life to six people through organ donation
Published: 12 Sept 2025, 08:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented