തിരുവനന്തപുരം: ബിജെപി നേതാവ് മേജർ രവിയുടെ ആരോപണത്തിനെതിരേ പരാതി നൽകി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് പിണറായി വിജയൻ പരാതി നൽകിയത്.

To advertise here,

നടനും എംപിയുമായിരുന്ന ഇന്നസെന്റിന് അന്തിമോപചാരമർപ്പിക്കാൻ വൻ വാഹന വ്യൂഹത്തിന്റെ അകമ്പടിയോയെ പിണറായി വിജയൻ എത്തി എന്നായിരുന്നു മേജർ രവിയുടെ ആരോപണം. ഇതിനെതിരേയാണ് പിണറായി വിജയൻ പരാതി നൽകിയത്. നടൻ സലീം കുമാറിന് അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയതിനെ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു മേജർ രവിയുടെ ആരോപണം.

ഇന്നസെന്റിന് അന്തിമോപചാരമർപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ എത്തിയത് 56 കാറുകളുടേയും 560 പോലീസുകാരുടേയും 10 ഫയർ എഞ്ചിനുകളുടേയും അകമ്പടിയോടെ ആണെന്നായിരുന്നു മേജർ രവി ആരോപിച്ചത്. എന്നാൽ ഇത് തീർത്തും വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വാർത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്നത്തെ വീഡിയോകൾ മേജർ രവിയുടെ പരാമർശത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചിരിക്കുകയും ചെയ്തിരുന്നു.

ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് പരാതിയിൽ പറയുന്നു.