തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് പോകുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ച ഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും കർശന നടപടികളാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ബ്രാഞ്ചിൽ ഇന്റലിജൻസ് ടീമിനേയും നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചാൽ പോലീസിനെയോ ബന്ധപ്പെട്ടവരെയോ ഉടനടി വിവരമറിയിക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. വിവരങ്ങൾ നൽകുന്ന ആളുകളുടെ വിവരം പുറത്ത് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (പൊതുജനങ്ങൾക്ക് വിവരമറിയിക്കാനുള്ള നമ്പർ- 9497979794,9497927797. വാട്‌സാപ്പ് വഴി അറിയിക്കാം-9995966666)

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ജൂൺ രണ്ടിന് ശേഷം 728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തു. 625 ഗ്രാം എംഡിഎംഎയും 48.49 കിലോഗ്രാം കഞ്ചാവുമടക്കം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇതുവരെ പിടികൂടിയത്.

അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെയും ഇതിലൂടെ പിടികൂടാനായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പന്തളം പോലീസ് ഒരു നൈജീരിയൻ പൗരനേയും പെരിനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരു വിദേശവനിതയേയും പിടികൂടി. ഡൽഹിയിൽനിന്നും ബെംഗളൂരുവിൽനിന്നുമാണ് ഇവരെ പിടികൂടിയത്. ഓപ്പറേഷനിൽ ഇത് പ്രധാനപ്പെട്ട നേട്ടമാണെന്നും ചെന്നിത്തല പറഞ്ഞു.

സ്‌കൂൾ പരിസരത്ത് പുകയില ഉത്പന്നങ്ങളുടെ വിപണനം അവസാനിപ്പിക്കണം. ഇതൊരു മുന്നറിയിപ്പാണെന്നും വിദ്യാർഥികളെ ചുറ്റിപ്പറ്റിയാണ് മയക്കുമരുന്ന് ശൃംഖല വളരുന്നതെന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു.

84 പോലീസ് ഡിവിഷനുകളിൽ 16 അംഗങ്ങളുള്ള നാല് ടീമുകൾ രൂപീകരിച്ചു. ഇവർ പകലും രാത്രിയിലുമായി ലഹരിമരുന്നുകളുടെ ഉറവിടങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനം നടത്തും. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് ഓപ്പറേഷന് പിന്തുണ ലഭിക്കുന്നുണ്ട്. ഉണ്ണി മുകുന്ദനടക്കമുള്ള സെലിബ്രേറ്റികളും പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നടൻ മമ്മൂട്ടിയുടെ ടീമും പോലീസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. സമൂഹിക പ്രവർത്തകരും മത-സാമുദായിക സംഘടനകളും പിന്തുണച്ച് രംഗത്തുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.