മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് രണ്ടുരൂപയിൽനിന്ന് അഞ്ചുരൂപയായും അഡ്മിഷൻ നിരക്കുകൾ 20 രൂപയിൽനിന്ന് 30 രൂപയായും വർധിപ്പിക്കും. മന്ത്രി ഒ.ആർ. കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസനസമിതി യോഗത്തിലാണ് തീരുമാനം.
ആധുനിക മോർച്ചറിയുടെ നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. എം.എൽ.എ.യുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ആശുപത്രിയുടെ മുൻഭാഗത്തെ പാർക്കിങ് ഏരിയ പൊതുജനങ്ങൾക്ക് പേ പാർക്കിങ് സംവിധാനത്തോടെ തുറന്നുനൽകാനും യോഗം തീരുമാനിച്ചു.
2025-26 അക്കാദമിക് വർഷത്തിൽ 50 എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തി. ആശുപത്രിയിലേക്കും ആശുപത്രിക്കകത്തുമുള്ള റോഡുകളുടെ നവീകരണപ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കും. രോഗികൾ-കൂട്ടിരിപ്പുകാർ-ജീവനക്കാർ എന്നിവരുടെ സുരക്ഷയ്ക്ക് ഊന്നൽനൽകി ചുറ്റുമതിൽ നിർമിക്കാനും സി.സി.ടി.വി., പബ്ലിക് അഡ്രസിങ് സിസ്റ്റം, ഇന്റർകോം സംവിധാനങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, കളക്ടർ ഡി.ആർ. മേഘശ്രീ, ഡി.എം.ഒ. ഡോ. പി. ദിനീഷ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് വി.പി. രാജേഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മീന തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: op ticket and admission rates have been increased in wayanad medical college
Published: 16 Jan 2025, 09:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented