ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിൽ നിർമ്മാണം പോലും തുടങ്ങാത്ത ഒരു ആശുപത്രിയുടെ പേരിൽ തസ്തികകൾ അനുവദിക്കുകയും നിയമനങ്ങൾ നടത്തുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ. 2020 ജൂൺ 23-നാണ് 100 കിടക്കകളുള്ള ഖജ്റാന സിവിൽ ആശുപത്രിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. എന്നാൽ പദ്ധതി അംഗീകരിച്ച് ആറു വർഷം പിന്നിട്ടിട്ടും ആശുപത്രി നിർമ്മിക്കാനാവശ്യമായ ഭൂമി പോലും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് വസ്തുത. ആശുപത്രി നിലവിലില്ലെങ്കിലും ഡോക്ടർമാരും നേഴ്സുമാരും ലാബ് ടെക്നീഷ്യൻമാരും ഉൾപ്പെടെ 87 തസ്തികകളാണ് ഇവിടെ അനുവദിച്ചിട്ടുള്ളതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ആശുപത്രി വെറും കടലാസിൽ മാത്രമായി തുടരുമ്പോഴും ഇവിടേക്ക് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും നിയമിക്കുന്നതും തുടരുകയാണെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിലായി 2026 ജൂൺ 15-ന് പോലും ഈ ആശുപത്രിയിലേക്ക് ഒരു ലബോറട്ടറി ടെക്നീഷ്യനെ നിയമിച്ചതായാണ് വിവരം. നഗരപരിധിയിൽ അനുയോജ്യമായ സർക്കാർ ഭൂമി കണ്ടെത്താൻ കഴിയാത്തതാണ് നിർമ്മാണം വൈകാൻ കാരണമെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മാധവ് ഹസാനി വിശദീകരിക്കുന്നു. നിലവിൽ ഈ ആശുപത്രിയുടെ പേരിൽ നിയമിക്കപ്പെട്ട ജീവനക്കാരെ ഇന്ദോറിലെ മറ്റ് സഞ്ജീവനി ക്ലിനിക്കുകളിലും സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും വിന്യസിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന ആരോഗ്യ മന്ത്രി രാജേന്ദ്ര ശുക്ലയും സർക്കാരിന്റെ ഈ നടപടിയെ ന്യായീകരിച്ചു രംഗത്തെത്തി. നിലവിലുണ്ടായിരുന്ന ഒരു അർബൻ പ്രൈമറി ഹെൽത്ത് സെന്ററിനെ 100 കിടക്കകളുള്ള ആശുപത്രിയായി ഉയർത്താനായിരുന്നു പദ്ധതിയെന്നും ഭൂമി ലഭിക്കാത്തതിനാലാണ് കെട്ടിടം പണിയാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. അനുവദിക്കപ്പെട്ട ജീവനക്കാർ നിലവിൽ മറ്റ് ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും, ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്നുമാണ് സർക്കാർ നിലപാട്.
എന്നാൽ, ഈ സംഭവത്തിൽ വൻ അഴിമതി നടന്നതായി കോൺഗ്രസ് ആരോപിക്കുന്നു. ഇല്ലാത്ത ആശുപത്രിയുടെ പേരിൽ നിയമനങ്ങൾ നടത്തുന്നത് ഗുരുതരമായ ക്രമക്കേടാണെന്നും ഇതിൽ ഉന്നതതല അന്വേഷണം വേണമെന്നും മുൻ മന്ത്രി സജ്ജൻ സിങ് വർമ്മ ആവശ്യപ്പെട്ടു. ഈ വിഷയം വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Content Highlights: Khajrana Civil Hospital remains unbuilt after 6 years, yet staff continue to be posted.
Published: 05 Jul 2026, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented