
ആലപ്പുഴ: പകർച്ചവ്യാധികൾ തടയാനുള്ള ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ തുടങ്ങിയ 'തുടക്കം' ജനകീയ ശുചീകരണ പരിപാടിയിൽ രാഷ്ട്രീയപ്പോര്. മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആരോഗ്യമന്ത്രി കെ. മുരളീധരന്റെയും ചിത്രമടങ്ങിയ ബാനറുകൾ കെട്ടി ശുചീകരണപരിപാടിയുടെ ഉദ്ഘാടനം നടത്തണമെന്ന നിർദേശം ജില്ലയിലെ പല സർക്കാർ ആശുപത്രി അധികൃതരും പാലിച്ചില്ല. രാഷ്ട്രീയലക്ഷ്യത്തോടെ ചില മെഡിക്കൽ ഓഫീസർമാർ പെരുമാറിയെന്നാരോപിച്ച് കോൺഗ്രസ് അനുഭാവികളായ ജീവനക്കാർ രംഗത്തുവന്നതോടെ സംഭവം വിവാദമായി.
താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ പലയിടത്തും ബാനർ കെട്ടിയില്ല. ചിലയിടങ്ങളിൽ ബാനർ അച്ചടിക്കാൻ നൽകിയ ഡിജിറ്റൽ മാതൃകയിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ചിത്രം എഡിറ്റുചെയ്ത് നീക്കുകയും ചെയ്തു.
ഇതിനുശേഷം ഡിജിറ്റൽ മാതൃക സാമൂഹികമാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇടത് അനുഭാവികളായ ആശുപത്രി അധികൃതരാണ് ഇതിനുപിന്നിലെന്നും ഇത്തരക്കാർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അനുഭാവികളായ ജീവനക്കാർ രംഗത്തുവന്നു.
തുടക്കം കാംപെയ്നുമായി ബന്ധപ്പെട്ട് ബാനറുകൾ ഉപയോഗിക്കണമെന്ന് ജില്ലാതല ഉദ്യോഗസ്ഥർ ആശുപത്രി മേലധികാരികളെ കൃത്യമായി അറിയിച്ചിരുന്നില്ലെന്നാണ് ചില മെഡിക്കൽ ഓഫീസർമാർ പറയുന്നത്. സർക്കാർ പരിപാടികൾ ഏകോപിപ്പിക്കേണ്ട നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഇക്കാര്യം താഴെത്തട്ടിലേക്കെത്തിച്ചില്ല. ഇത് ബോധപൂർവമാണോയെന്ന് അന്വേഷിക്കണമെന്നാണ് കോൺഗ്രസ് അനുകൂല ജീവനക്കാരുടെ ആവശ്യം.
ഇടതുസർക്കാരിന്റെ കാലത്ത് നടത്തിയ എല്ലാ പരിപാടികളിലും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും ചിത്രമുൾപ്പെട്ട ബാനറുകൾ ഉൾപ്പെടുത്തിയിരുന്നതായും അവർ പറയുന്നു.
ആരോഗ്യമന്ത്രിയായി കെ. മുരളീധരൻ ചുമതലയേറ്റെടുത്തശേഷം നടത്തിയ യോഗത്തിലാണ് 'തുടക്കം' എന്ന പേരിൽ ആശുപത്രി ശുചീകരണ കാംപെയ്ൻ തുടങ്ങാൻ തീരുമാനിച്ചത്.
Content Highlights: The 'Thudakkam' sanitation drive is facing internal political friction in Alappuzha., Controversy erupted over the omission of CM and Health Minister photos from official banners., Medical officers are accused of editing official digital templates to remove political figures., Congress-aligned staff demand an investigation into the lack of coordination and alleged bias.
Published: 31 May 2026, 08:23 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented