തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് സാമൂഹികമാധ്യമ പ്ലാറ്റ്ഫോമിലൂടെ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ഇതിനെതിരേ സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. ഫെയ്സ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് 'നിങ്ങളുടെ ഫോണിൽ ഫോൺപേ ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 12,000 സമ്പാദിക്കാം' എന്ന തരത്തിലുള്ള വ്യാജസന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിൽ ഫോൺപേ ആപ്പ് സ്വയം തുറക്കുകയും അവിടെ 1499 രൂപ എന്ന തുക കാണിക്കുകയും ചെയ്യും. തുക ലഭിക്കാനായി പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകും. പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് പണം നൽകാനുള്ള പേമെന്റ് റിക്വസ്റ്റ് പേജാണ് ആപ്പിൽ കാണിക്കുന്നത്. ഇത് മനസ്സിലാക്കാതെ പിൻ നമ്പർ നൽകുമ്പോൾ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറും.

To advertise here,

യു.പി.ഐ. ആപ്പുകൾ ഉപയോഗിക്കുമ്പോൾ പിൻ നൽകുന്നത് പണം സ്വീകരിക്കാനല്ല, പണം അയക്കാനാണെന്നത് ശ്രദ്ധിക്കണമെന്ന് സൈബർ വിഭാഗം മുന്നറിയിപ്പുനൽകി. തട്ടിപ്പിന് ഇരയായാൽ 1930 എന്ന ഹെൽപ്ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ https://cybercrime.gov.in-ലൂടെയോ പരാതി നൽകാം.