
ഒരു നാടിനെ ഭൂപടത്തിൽനിന്നുതന്നെ മായ്ച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ബുധനാഴ്ച ഒരാണ്ട്. പോയ ഒരുവർഷവും കണ്ടത് വാക്കുകൾ ജലരേഖയാകുന്ന കാഴ്ച. ഉരുൾപൊട്ടലിനുപിന്നാലെ മലവെള്ളപ്പാച്ചിൽപോലെവന്ന വാഗ്ദാനങ്ങൾ ആരുമറിയാതെ മൺമറഞ്ഞു.
ദുരന്തത്തിൽ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തിൽത്തന്നെയാണ്. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാനസർക്കാരിന്, 1000 ചതുരശ്രമീറ്റർ വീട് നിർമിച്ചുനൽകാൻ ഒരുവർഷം പോരാതെവന്നു. ഇതുവരെ നിർമിച്ചുതീർന്ന വീടിന്റെ എണ്ണംചോദിച്ചാൽ ഉത്തരം വട്ടപ്പൂജ്യം.
സാന്പത്തികസഹായത്തിലൂന്നിയായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനങ്ങൾ. പണമില്ലാത്തതിന്റെപേരിൽ ഒന്നും മുടങ്ങില്ലെന്ന് ചൂരൽമലയുടെ ഇടറിയ മണ്ണിൽനിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോൾ നാടൊന്നടങ്കം അത് നെഞ്ചേറ്റി. എന്നാൽ, വയനാടിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് നയാപൈസപോലും സാന്പത്തികസഹായം കേന്ദ്രത്തിൽനിന്ന് കിട്ടിയില്ല. കിട്ടിയത് 529 കോടിയുടെ വായ്പമാത്രം.
ഉരുളുറപ്പുകൾ വെറുംവാക്കുകളാകുമ്പോൾ ഉറ്റവരും ഉടയവരുമടക്കം സർവവും നഷ്ടപ്പെട്ട ആ കുടുംബങ്ങൾ ഇപ്പോഴും താത്കാലികകേന്ദ്രങ്ങളിൽ ‘അഭയാർഥികളാ’ണ്. സ്വന്തമായി ഒരു വീടിനായി അവർ കാത്തിരിപ്പ് തുടരുന്നു, നിനച്ചിരിക്കാതെ നഷ്ടപ്പെട്ട കിടപ്പാടത്തിനു പകരമാകില്ലെങ്കിൽക്കൂടി.
പണം ഒരു പ്രശ്നമല്ല
നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യണം. കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട എല്ലാ സഹായവും കിട്ടും. പണമില്ലാത്തതിന്റെ പേരിൽ ഒന്നും മുടങ്ങില്ല.
-പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവർഷം ഓഗസ്റ്റ് 10-ന് ചൂരൽമലയിലെത്തിയപ്പോൾ നൽകിയ ഉറപ്പ്
കേന്ദ്രത്തിൽനിന്ന് കിട്ടിയത്
അതിതീവ്രമെന്ന് പ്രഖ്യാപനംമാത്രം. ആ തീരുമാനംപോലുമെടുത്തത് ദുരന്തമുണ്ടായി 153-ാം നാൾ.
പുനർനിർമാണപ്രവൃത്തികൾക്കായി കേരളം അപേക്ഷിച്ച 2220 കോടിയുടെ കാര്യത്തിൽ കേന്ദ്രത്തിന് മിണ്ടാട്ടമില്ല. ആകെ കിട്ടിയ സഹായധനം സ്പെഷ്യൽ അസിസ്റ്റന്റ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് (സാഫ്കി) സ്‌കീമിൽപ്പെടുത്തി ലഭിച്ച 529.50 കോടിരൂപയുടെ വായ്പയാണ്.
ഉടൻ പുനരധിവാസം
പുനരധിവാസം അതിവേഗം പൂർത്തിയാക്കേണ്ടതുണ്ട്. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞുപോയത്. പകരം കൂടുതൽ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി അവിടെ ഒരു ടൗൺഷിപ്പുതന്നെ നിർമിക്കും. മാതൃകാപരമായ രീതിയിൽ ഈ പുനരധിവാസപദ്ധതി അതിവേഗം പൂർത്തിയാക്കും.
-മുഖ്യമന്ത്രി പിണറായി വിജയൻ, 2024 ഓഗസ്റ്റ് മൂന്നിന് പറഞ്ഞത്
സംസ്ഥാനം ചെയ്തത്
മുണ്ടക്കൈ-ചൂരൽമല ദുരന്തമുണ്ടായി ഒരുവർഷമായിട്ടും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഒരു വീടുപോലും പൂർത്തീകരിച്ച് കൈമാറാൻ സർക്കാരിനായില്ല. 410 വീടുകൾ നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം
ദുരന്തത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 772.11 കോടിരൂപ ലഭിച്ചെങ്കിലും ഇതുവരെ ചെലവഴിച്ചത് 91.74 കോടിരൂപമാത്രം.
Content Highlights: one year of mundakkai chooralmala landslide
Published: 30 Jul 2025, 04:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented