ളോപ്പാറയുടെ ടൂറിസം വികസനത്തിന് വഴിയൊരുക്കാന്‍  ഒന്നരക്കോടിരൂപ ചെലവില്‍ ഇവിടേക്കുള്ള അഞ്ച് റോഡുകള്‍ നവീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഒളോപ്പാറയിലേക്കുള്ള പ്രധാന റോഡായ ചെലപ്പുറം-ഒളോപ്പാറ പൊറോത്ത് റോഡ് 40ലക്ഷം രൂപ ചെലവില്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതി വാങ്ങി ടൈല്‍പാതയായാണ് നിര്‍മിക്കുന്നതെന്നും അദ്ദേഹം പഞ്ഞു. 'ഒളോപ്പാറയുടെ വികസനത്തിനൊപ്പം' എന്ന സന്ദേശവുമായി  മാതൃഭൂമി കാച്ചിറബണ്ടിലെ തെക്കേപ്പുറം ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ യാഥാര്‍ഥ്യമാവാന്‍ വീതിയുള്ള റോഡുകള്‍ വേണം. നിലവിലുള്ള റോഡുകള്‍ക്ക് ആറുമീറ്റര്‍പോലും വീതിയില്ല. എട്ട് മീറ്ററെങ്കിലും വീതിയുണ്ടെങ്കിലെ റോഡ്ഫണ്ട് ബോര്‍ഡിനോ പൊതുമരാമത്ത് വകുപ്പിനോ കൈമാറാന്‍ കഴിയുകയുള്ളു. അതുകൊണ്ട് റോഡിന്റെ ഇരുഭാഗങ്ങളിലും  താമസിക്കുന്നവര്‍ ഭൂമിവിട്ടുനല്‍കാന്‍ സന്നദ്ധത കാണിക്കണം. ഭൂമിവിട്ടുനല്‍കിയാല്‍ അവര്‍ക്കും പ്രയോജനമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

മൂന്നുപഞ്ചായത്തുകളും കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്കാണ് ടൂറിസം വകുപ്പ് രൂപംകൊടുത്തത്. സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഗതാഗതയോഗ്യമായ റോഡ് ഇത് രണ്ടുമാണ് പ്രധാനം. അഞ്ചുകോടി രൂപ ചെലവഴിക്കാന്‍ തന്നിട്ടുണ്ട്. ഇനി മാസങ്ങളേയുള്ളു.നമ്മള്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ അത് വേറെപ്പോവും. ഇതിന്റെ നടപടിയുമായി മുന്നോട്ടുപോവുന്നുണ്ടെങ്കില്‍ വെച്ചുതാമസിപ്പിക്കാന്‍ പറ്റില്ല. ഉദ്യോഗസ്ഥരെയും പഞ്ചായത്തു പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തി യോഗം വിളിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഒളോപ്പാറ,മുക്കംകടവ്,പാവയില്‍ എന്നീ പ്രദേശങ്ങളെ മൂന്ന്് യൂണിറ്റുകളാക്കിയാണ് പദ്ധതി തയാറാകേണ്ടതെന്ന് മന്ത്രി ചര്‍ച്ചക്കിടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  ഒളോപ്പാറയുടെ വികസനത്തിന് ടൂറിസം വകുപ്പ് പഠനങ്ങള്‍ നടത്തി ഡ്രാഫ്റ്റ് പ്രൊജക്ട് തയാറാക്കിയതാണ്.അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോവാം എന്നതായിരുന്നു തീരുമാനം. എന്നാല്‍ ഇവിടെ റവന്യൂഭൂമിയോ പുറമ്പോക്കോയില്ല. എല്ലാം സ്വകാര്യ സ്വത്താണ്. ഭൂമിയില്ലാതെ അടിസ്ഥാന സൗകര്യം പറ്റില്ല. അത് പരിഹരിക്കാന്‍ ജനകീയ പങ്കാളിത്തമാണ് വേണ്ടത്. സ്വകാര്യ വ്യക്തികള്‍ക്ക് പേ ആന്‍ഡ് പാര്‍ക്കിങ്ങോ ടേക്ക് എ ബ്രേക്ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയോ വരുമാനമുണ്ടാക്കാമെന്നും മന്ത്രി പറഞ്ഞു.     

മാതൃഭൂമി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആശയങ്ങളടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തി ഒളോപ്പാറയുടെ വികസന പദ്ധതിയുമായി മുന്നോട്ടുപോവാന്‍ 26ന് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെയും ജനപ്രതികധികളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കും. ജില്ലാപഞ്ചായത്തംഗം, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ടുറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍പങ്കെടുക്കും.